വിവാഹ സൽക്കാരത്തിനിടെ അപകടം; കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകുന്നു

കോഴിക്കോട്:വിവാഹ സൽക്കാരത്തിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ, അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകി മാതൃകയായി.കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റായിരുന്ന ഡോ. അശ്വൻ മോഹനചന്ദ്രൻ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുന്നതായുള്ള സന്ദേശം ലോകത്തിന് നൽകിയത്. കൊല്ലം ഉമയനല്ലൂർ നടുവിലക്കരയിലെ ‘സൗപർണിക’യിൽ നിന്നുള്ള ഡോ. അശ്വന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.അശ്വന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും, ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ രോഗിക്കും കൈമാറി.

Advertisements

നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്ക് നൽകി. ഡിസംബർ 20-നാണ് കോഴിക്കോട് കക്കാടംപൊയിലിലെ ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അശ്വൻ അപകടത്തിൽപ്പെട്ടത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ അശ്വനെ ആദ്യം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലും പിന്നീട് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബർ 27-ന് കൊല്ലം എൻ.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 30-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ അവയവങ്ങൾ മരണാനന്തരം മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെന്നത് അശ്വന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിന് അനുസൃതമായി കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടികളും ഏകോപനവും പൂർത്തിയാക്കിയത്.റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ് അശ്വൻ. സഹോദരി അരുണിമ (യു.എ.ഇ). കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോലീസിന്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കി ഒരു മണിക്കൂറിനുള്ളിൽ അവയവങ്ങൾ എത്തിച്ചു.

Hot Topics

Related Articles