ഹെൽത്ത് ഡെസ്ക്:ആരോഗ്യം സംരക്ഷിക്കാനായി ബിരിയാണി പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. കഴിക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പേടിയില്ലാതെ ബിരിയാണി ആസ്വദിക്കാമെന്നാണ് അവരുടെ അഭിപ്രായം.ബിരിയാണി ഇഷ്ടമല്ലാത്ത മലയാളികൾ അപൂർവമാണ്. മട്ടൺ ബിരിയാണി പോലുള്ള വിഭവങ്ങൾ പലരുടെയും സ്ഥിരം ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ഇതിലെ ഉയർന്ന കൊഴുപ്പും കാർബോഹൈഡ്രേറ്റും ആരോഗ്യത്തിന് ദോഷകരമാകുമോ എന്ന ആശങ്ക മൂലം നിരവധി പേർ ബിരിയാണി ഒഴിവാക്കാറുണ്ട്.മട്ടണിൽ പ്രോട്ടീൻ അളവ് കൂടുതലായിരുന്നാലും പൂരിത കൊഴുപ്പു കൂടുതലായിരിക്കും.ഇതോടൊപ്പം ബിരിയാണിയിൽ ഉപയോഗിക്കുന്ന വെള്ള അരിയും ചേർന്നാൽ ശരീരത്തിലേക്ക് അധിക കലോറി എത്തും. അരിയിലെ കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും കാരണമാകുന്നു.
ദഹനം മന്ദഗതിയിലാകുകയും പാൻക്രിയാസിന് അധിക സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർക്ക് ബിരിയാണി കഴിച്ചതിന് ശേഷം വീക്കം, അമിത ക്ഷീണം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു.എന്നാൽ ആരോഗ്യകരമായി ബിരിയാണി കഴിക്കാൻ ചില മാർഗങ്ങൾ പിന്തുടരാം. വയറ് നിറയെ കഴിക്കുന്നതിന് പകരം ചെറിയ അളവിൽ മാത്രം ബിരിയാണി കഴിക്കുക എന്നതാണ് പ്രധാന നിർദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കുന്നതിനായി പുഴുങ്ങിയ മുട്ട, ഗ്രിൽ ചെയ്ത ചിക്കൻ തുടങ്ങിയ ‘ലീൻ പ്രോട്ടീനുകൾ’ കൂടെ ഉൾപ്പെടുത്താം. ബിരിയാണിയുടെ കൂടെ ധാരാളം സാലഡും പച്ചക്കറികളും കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ്.രാത്രി വൈകി ബിരിയാണി കഴിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു. ഉച്ചഭക്ഷണമായോ അല്ലെങ്കിൽ അത്താഴത്തിന് നേരത്തെയോ ബിരിയാണി കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ അനുയോജ്യം.


