കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയിലെത്തിയത്. ജാമ്യഹർജിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് തന്നെ പരാതിക്കാരിയുടെ വാദം കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ആദ്യ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരി അപേക്ഷ സമർപ്പിച്ചത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് നേരത്തെ ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിനെതിരെയും അതിജീവിത വീണ്ടും പരാതി നൽകിയിട്ടുണ്ട്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും രാഹുൽ ഈശ്വർ സൈബർ ആക്രമണത്തിന് വഴിവച്ചുവെന്നും തനിക്കെതിരായ അപകീർത്തി പ്രചാരണം തുടരുകയാണെന്നുമാണ് പരാതിയിൽ പറയുന്നത്.യുവതിയെ അപമാനിക്കാനോ അവഹേളിക്കാനോ പാടില്ല, സൈബർ ആക്രമണത്തിന് ഇടവരുത്തരുത് എന്ന കർശനമായ ജാമ്യവ്യവസ്ഥകൾ നിലനിൽക്കെയാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്ത് നിന്ന് ലംഘനമുണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാമ്യം ലഭിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വീഡിയോകൾ യുവതിയെ അവഹേളിക്കുന്നതാണെന്നും, ഇതുവഴി വീണ്ടും മാനസിക പീഡനത്തിനും സൈബർ ആക്രമണങ്ങൾക്കും വിധേയയായെന്നും പരാതിയിൽ പറയുന്നു.അതിജീവിത നൽകിയ പരാതി ഐജി സൈബർ പോലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.


