ഞങ്ങളുടെ പേരിൽ വിദ്വേഷം വേണ്ട:വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ ഈഴവ സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പ്;വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിയതായി ആരോപിക്കുന്ന വർഗീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കൂടുതൽ ഈഴവർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.‘തങ്ങളുടെ പേരിൽ വർഗീയ പരാമർശങ്ങൾ നടത്താൻ വെള്ളാപ്പള്ളി നടേശനെ ആരും ഏൽപ്പിച്ചിട്ടില്ല’ എന്നതാണ് ക്യാമ്പയിന്റെ പ്രധാന സന്ദേശം. ഇത്തരം പരാമർശങ്ങൾ കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ ഈഴവർക്ക് ബാധ്യതയില്ലെന്നും, സമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്താനുള്ള ശ്രമം സംഘപരിവാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ടെന്നും പ്രതിഷേധ വീഡിയോകളിൽ വ്യക്തമാക്കുന്നു.

Advertisements

ബാബുരാജ് ഭഗവതി, ഗീത ഗഫൂർ, അരുണ്‍ കൊടുങ്ങല്ലൂർ തുടങ്ങിയവർ ഇതിനകം പ്രതിഷേധ വീഡിയോകളുമായി രംഗത്തെത്തിയിട്ടുണ്ട്. വർഗീയ പരാമർശങ്ങൾക്കെതിരെ കൂടുതൽ പേർ തുറന്ന നിലപാട് സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഈഴവരും മുസ്‌ലിംകളും തമ്മിൽ ചരിത്രപരമായി നല്ല ബന്ധമാണുള്ളതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും അവർ പറയുന്നു.ഇതിന് മുൻപ് ശിവഗിരി മഠത്തിലെത്തി മുസ്‌ലിം സമൂഹത്തോട് മാപ്പ് പറഞ്ഞ് ശ്രീനാരായണീയനായ അനീഷ് രാജ് വീഡിയോ പങ്കുവെച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി മുസ്‌ലിം സമൂഹത്തിനെതിരെ നടത്തുന്ന വിദ്വേഷ പരാമർശങ്ങളിൽ തനിക്കുള്ള വേദനയും അമർശവും രേഖപ്പെടുത്തുന്നതായിരുന്നു ആ വീഡിയോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിക്കരികിൽ നിന്നാണ് അനീഷ് രാജ് വീഡിയോ ആരംഭിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ വേദികളിലായി 20ലധികം തവണ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ശ്രീനാരായണ ഗുരുവിന്റെ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് ഇരുന്നുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും, ഒരു ശ്രീനാരായണീയൻ എന്ന നിലയിൽ മുസ്‌ലിം സമൂഹത്തിനുണ്ടായ വേദനയിൽ ഖേദം രേഖപ്പെടുത്തി മാപ്പ് ചോദിക്കുന്നുവെന്നും അനീഷ് രാജ് വ്യക്തമാക്കി.‘ഇസ്ലാം മതത്തിന്റെ സാരം സഹോദര്യമാണെന്നും, ക്രിസ്തുമതത്തിന്റെ സാരം സ്നേഹമാണെന്നും ഉദ്ഘോഷിച്ച മുഹമ്മദ് നബിയെ അമൂല്യ രത്നമായി കണ്ട അപരപ്രിയം എന്ന ആശയം ആത്മസാത് ചെയ്ത മഹാഗുരുവിന്റെ പാത പിന്തുടരുന്ന പ്രസ്ഥാനത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഗുരുദർശനത്തോടുള്ള അപമാനമാണ്’ എന്ന അടിക്കുറിപ്പും വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അനീഷ് രാജിന്റെ നിലപാടിനെ അനുകൂലിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് മാനവമൈത്രിക്കായി മുന്നോട്ടുവരേണ്ട നിർണായക ഘട്ടമാണിതെന്നും, സ്വയം ശ്രീനാരായണീയരെന്ന് വിശേഷിപ്പിക്കുന്നവർ ഗുരുദർശനത്തിനൊപ്പമാണോ എന്ന് വ്യക്തമാക്കേണ്ട സമയമാണിതെന്നും അനീഷ് രാജ് പറയുന്നു.

Hot Topics

Related Articles