തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തെ വി.കെ പ്രശാന്ത് എംഎൽഎ ചതിച്ചുവെന്നാരോപിച്ച് നടനും ബിജെപി നേതാവുമായ കെ. കൃഷ്ണകുമാർ രംഗത്ത്. ജനങ്ങളോടൊപ്പം താനുണ്ടാകുമെന്നും അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും ആവശ്യപ്പെട്ട് കൃഷ്ണകുമാർ വീഡിയോ സന്ദേശം പുറത്തിറക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള ആഗ്രഹം മുൻപ് തന്നെ കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും മണ്ഡലത്തിനൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വട്ടിയൂർക്കാവെന്നും, എന്നാൽ മണ്ഡലത്തിന്റെ വികസനത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും കൃഷ്ണകുമാർ ആരോപിച്ചു.
വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച് ഏറെ പ്രചാരണം നൽകിയ ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്റെ അട്ടിമറിയാൽ എങ്ങുമെത്തിയില്ലെന്നാണ് ആരോപണം. വി.കെ പ്രശാന്ത് ഏഴര വർഷം എംഎൽഎയായി ഭരിച്ചിട്ടും വികസന വാഗ്ദാനങ്ങൾ നടപ്പായില്ലെന്നും, വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവരെ എംഎൽഎ വഞ്ചിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.ജംഗ്ഷൻ നവീകരണം, ഓട നവീകരണം, ഫുട്പാത്തുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ച് വട്ടിയൂർക്കാവിനെ മികച്ച സാറ്റലൈറ്റ് ജംഗ്ഷനാക്കുമെന്നായിരുന്നു വി.കെ പ്രശാന്തിന്റെ വാഗ്ദാനം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കെട്ടിടങ്ങൾ പൊളിച്ച ശേഷം പകരം സംവിധാനം ഒരുക്കാതെ വ്യാപാരികളെ വഞ്ചിച്ചുവെന്നാണ് ആരോപണം. ജനങ്ങളെ ഇനി വിഡ്ഢികളാക്കരുതെന്നും, അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ പരാജയം നേരിടുമെന്നും കൃഷ്ണകുമാർ പറഞ്ഞു.ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലം തിരികെ പിടിക്കാൻ കോൺഗ്രസും, വിജയസാധ്യത ഉറപ്പിച്ച് ബിജെപിയും ശക്തമായി കളത്തിലിറങ്ങുന്നതോടെ ത്രികോണ പോരാട്ടം കടുപ്പം നേടുകയാണ്.സിറ്റിങ് എംഎൽഎ വി.കെ പ്രശാന്ത് തന്നെ എൽഡിഎഫിനായി വീണ്ടും മത്സരിക്കുമെന്നാണ് സൂചന. മുൻ വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ മണ്ഡലം തിരികെ പിടിക്കാനായി രംഗത്തിറങ്ങുമെന്നും വിലയിരുത്തലുണ്ട്.
ബിജെപിയിൽ നിന്നും നിരവധി നേതാക്കൾ മത്സരത്താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മേയർ പദവിയിൽ നിന്നും തഴയപ്പെട്ട മുൻ ഡിജിപി ആർ. ശ്രീലേഖയെ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. അതേസമയം മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മണ്ഡലത്തിലേക്ക് കണ്ണുവെച്ചിട്ടുണ്ട്.


