ജമാഅത്തെ ഇസ്‌ലാമി വിവാദം:വിശ്വാസത്തെയല്ല, വർഗീയതയെയാണ് എതിര്‍ക്കുന്നത്; എ.കെ. ബാലനെ തള്ളിപ്പറയില്ലെന്ന് സിപിഎം

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയുടെ പേരിൽ മുൻമന്ത്രി എ.കെ. ബാലനെ തള്ളിപ്പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസത്തെയല്ല, വർഗീയതയെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും, വർഗീയത തുറന്നുകാട്ടുമ്പോൾ അതിനെ മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസാരിക്കുന്നത് മുസ്‌ലിം സമൂഹത്തിനെതിരല്ലെന്നും, ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരായ നിലപാടായി ചിത്രീകരിക്കുന്നതുപോലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറാട് കലാപം പരാമർശിക്കുന്നത് എന്തുകൊണ്ട് തെറ്റാകണമെന്നും അദ്ദേഹം ചോദിച്ചു.

Advertisements

“വിശ്വാസത്തെയല്ല, വർഗീയതയെയാണ് ഞങ്ങൾ എതിർക്കുന്നത്” എന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ കടന്നാക്രമിക്കാൻ എം.വി. ഗോവിന്ദൻ തയ്യാറായില്ല. എസ്ഐടി അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും, അന്വേഷണത്തിൽ സിപിഎമ്മിന് ഉത്കണ്ഠയില്ലെന്നും അദ്ദേഹം പറഞ്ഞു. “തന്ത്രിയെ പിടിക്കരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?” എന്നും ഗോവിന്ദൻ ചോദിച്ചു.അതേസമയം, പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ പ്രസ്താവന തിരുത്താൻ തയ്യാറാണെന്ന് എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടിസിന് മാപ്പ് പറയാൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് സംസാരിക്കവെയാണ് ബാലന്റെ പ്രതികരണം. മാറാട് കലാപം പരാമർശിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന് ചോദിച്ച ബാലൻ, അങ്ങനെ ആണെങ്കിൽ ബാബറി മസ്ജിദ് വിഷയത്തെക്കുറിച്ച് പറയുന്നതും തെറ്റാകുമോയെന്ന് ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു തന്റെ പ്രസ്താവനയെന്നും, അതിന്റെ ഫലമായി ഒരു മാറാട് മാത്രമല്ല, നിരവധി മാറാടുകൾ ആവർത്തിക്കുമെന്നും ബാലൻ നേരത്തെ പറഞ്ഞിരുന്നു.ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ബാലന്റെ പ്രസ്താവനയെ തുടർന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി എ.കെ. ബാലന് വക്കീൽ നോട്ടിസ് അയച്ചിരുന്നു. പ്രസ്താവന തിരുത്തി മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. അമീൻ ഹസൻ മുഖേന അയച്ച നോട്ടിസിൽ വ്യക്തമാക്കിയിരുന്നു.അതേസമയം, സിപിഎം അധികാരത്തുടർച്ചയ്ക്കായി നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്നും, എ.കെ. ബാലൻ “അഭിനവ ഗീബൽസ്” ആകരുതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു.

Hot Topics

Related Articles