ഹെൽത്ത് ഡെസ്ക് :പൊള്ളലേൽക്കുക എന്നത് സാധാരണയായി ഉണ്ടാകുന്ന അപകടങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് അടുക്കളയിൽ പ്രവർത്തിക്കുന്നവർക്ക് ചെറുതും വലുതുമായ പൊള്ളലുകൾ പതിവാണ്. ചൂടുള്ള പാത്രങ്ങൾ, സ്റ്റൗവിന്റെ ബർണർ, ആവി, തിളച്ച വെള്ളം അല്ലെങ്കിൽ മറ്റ് ദ്രാവകങ്ങൾ ശരീരത്തിൽ വീഴുക എന്നിവ മൂലമാണ് കൂടുതലായും പൊള്ളലുകൾ സംഭവിക്കുന്നത്. എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്താലും ചിലർക്കിത് ആവർത്തിച്ച് ഉണ്ടാകാറുണ്ട്.പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീർണവും തീവ്രതയും അടിസ്ഥാനമാക്കി പൊള്ളലുകളെ സാധാരണയായി നാല് ഡിഗ്രികളായി തരംതിരിക്കാറുണ്ട്.ത്വക്കിന്റെ പുറംപാളിയായ എപ്പിഡെർമിസിൽ മാത്രം പരിമിതമായ പൊള്ളലുകൾ ഒന്നാം ഡിഗ്രിയിലായി കണക്കാക്കുന്നു. ഇത്തരം പൊള്ളലുകളിൽ ചുവപ്പുനിറവും കഠിനമായ വേദനയും അനുഭവപ്പെടും.പൊള്ളലേറ്റ ഭാഗത്ത് കുമിളകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അത് രണ്ടാം ഡിഗ്രി പൊള്ളലാണ്.
ചർമ്മത്തിലെ എല്ലാ പാളികളും നശിച്ച് ആന്തരഭാഗങ്ങൾ വരെ ബാധിക്കുന്ന പൊള്ളലുകൾ മൂന്നാം ഡിഗ്രിയിൽ ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ നാഡികൾക്ക് നാശം സംഭവിക്കുന്നതിനാൽ കഠിനമായ വേദന അനുഭവപ്പെടണമെന്നില്ല.തൊലിയോടൊപ്പം ആന്തരശരീര ഭാഗങ്ങൾക്കും ഗുരുതരമായ നാശം സംഭവിച്ചാൽ അത് നാലാം ഡിഗ്രി പൊള്ളലായി കണക്കാക്കുന്നു.പൊള്ളലേറ്റാൽ ഉടൻ ചില മുൻകരുതലുകൾ സ്വീകരിക്കണം. പൊള്ളലേറ്റ ഭാഗത്ത് കൈകൊണ്ട് സ്പർശിക്കരുത്. ആ ഭാഗം തണുത്ത വെള്ളത്തിൽ കഴുകണം. പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങൾ, വാച്ച്, ബെൽറ്റ്, ഷൂസ് തുടങ്ങിയവ ഉണ്ടെങ്കിൽ സൂക്ഷ്മമായി ഊരി മാറ്റണം.പൊള്ളിയ ഭാഗത്ത് പേസ്റ്റ്, എണ്ണ, മരുന്നുകൾ തുടങ്ങിയവ പുരട്ടരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമിളകൾ കുത്തിപ്പൊട്ടിക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിക്കരുത്. വൃത്തിയുള്ള തുണി ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം മൂടാവുന്നതാണ്.പൊള്ളലേറ്റ വ്യക്തിക്ക് ബോധമുണ്ടെങ്കിൽ വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് ഇടയ്ക്കിടെ കുടിക്കാൻ നൽകാം. എന്നാൽ ഏറ്റവും പ്രധാനമായി, എത്രയും പെട്ടെന്ന് ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.


