‘ബാറ്റുപോലും പിടിക്കാനറിയാത്തവർ എന്തിന് ക്രിക്കറ്റ് ഭരിക്കണം? കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് മുൻ താരങ്ങള്‍’; സുപ്രീംകോടതി

ദില്ലി: കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

Advertisements

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഈ സുപ്രധാന നിരീക്ഷണങ്ങൾ. 1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ, പെട്ടെന്ന് അംഗങ്ങളുടെ എണ്ണം വർധിച്ചതിനെ കോടതി ചോദ്യം ചെയ്തു. 1986 മുതൽ 2023 വരെ നിങ്ങൾക്ക് 164 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. 2023-ന് ശേഷം ഇതൊരു ‘ബമ്പർ ഡ്രോ’ പോലെ മാറിയത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസോസിയേഷൻ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനങ്ങൾ പ്രശസ്തരായ അന്താരാഷ്ട്ര താരങ്ങൾക്കായി മാറ്റിവെക്കണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.ക്രിക്കറ്റ് നിലനിൽക്കുന്നത് താരങ്ങൾ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ക്രിക്കറ്റ് നിലനിൽക്കുന്നത് ക്രിക്കറ്റ് താരങ്ങൾ ഉള്ളതുകൊണ്ടാണ്. അതുപോലെ ഹോക്കി അസോസിയേഷൻ അറിയപ്പെടുന്നത് ഹോക്കി താരങ്ങൾ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് അവര്‍ അർഹിക്കുന്ന ബഹുമാനം നൽകിയേ മതിയാകൂവെന്നും കോടതി പറഞ്ഞു.

മുൻ ഇന്ത്യൻ താരം കേദാർ ജാദവ് നൽകിയ പരാതിയെത്തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. എന്‍സിപി-എസ് പി എംഎൽഎ രോഹിത് പവാറിന്‍റെ അടുത്ത ബന്ധുക്കളെയും ബിസിനസ് പങ്കാളികളെയും ഉൾപ്പെടുത്തി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്നാണ് കേദാർ ജാദവിന്‍റെ ആരോപണം. ഏകദേശം 401 പുതിയ അംഗങ്ങളെ നിയമവിരുദ്ധമായി തിരുകിക്കയറ്റിയെന്ന് ഹർജിയിൽ പറയുന്നു. 

സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് ജനുവരി 6-ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജി പിൻവലിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി, എല്ലാ വാദങ്ങളും ബോംബെ ഹൈക്കോടതിയിൽ ഉന്നയിക്കാൻ നിർദ്ദേശിച്ചു. ഹൈക്കോടതി ഈ വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Hot Topics

Related Articles