കോട്ടയം: തിടനാട് പള്ളിയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ കുമളി സ്വദേശിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി കോട്ടയം ജില്ലാ പൊലീസ്. കുമളി അമരാവതി പാണം പറമ്പിൽ ഹൗസിൽ അലൻ തോമസിനെയാണ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ് ഐ കെ. എ. നജീബിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2025 മാർച്ച് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ മാർസ്ലീവാ ചാപ്പലിൽ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് എ എസ് ഐ ടി എസ് രാജേഷ് , സിവിൽ പൊലീസ് ഓഫിസർമാരായ കെ എസ് ശ്രീജിത് , റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലന് ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


