ടെഹ്റാൻ : അമേരിക്കൻ ആക്രമണ ഭീഷണി ശക്തമായ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നല്‍കി. തീർത്ഥാടകർ, വിദ്യാർത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയവർ എന്നിവർ ലഭ്യമായ വിമാന സർവീസുകളോ മറ്റ് യാത്രാ മാർഗങ്ങളോ ഉപയോഗപ്പെടുത്തി ഉടൻ മടങ്ങണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നീക്കം.
ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മില്‍ ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകള്‍ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുൻ തീരുമാനങ്ങള്‍ക്കും താരിഫുകള്‍ക്കും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതും നിലവിലെ സംഘർഷാവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ഇന്ത്യ ഈ മുൻകരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എംബസി കർശന നിർദ്ദേശം നല്‍കി. ജനുവരിയില്‍ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച എംബസി, പൗരന്മാർ ഇറാനിലെ ഇന്ത്യൻ അധികൃതരുമായി നിരന്തരം ബന്ധം പുലർത്തണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും സഹായം ആവശ്യമുള്ളവർക്കായി എംബസി ഹെല്‍പ്പ് ലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


