ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ‘ഗ്ലോബല്‍ ബർഡൻ ഓഫ് ഡിസീസ്’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 17 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള വൃക്ക തകരാറുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്.മുമ്പ് പ്രായമായവരിലായിരുന്നു വൃക്കരോഗങ്ങള്‍ കൂടുതലായി കണ്ടിരുന്നതെങ്കില്‍, ഇന്ന് 15 മുതല്‍ 20 വയസ്സുവരെയുള്ള യുവാക്കളിലും ഇത് വ്യാപകമായിക്കൊണ്ടിരിക്കുന്നു.
യുവാക്കളില്‍ രോഗസാധ്യത കൂടാൻ കാരണം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭോപ്പാല്‍ എയിംസിലെ യൂറോളജിസ്റ്റ് ഡോ. കേതൻ മെഹ്‌റയുടെ അഭിപ്രായത്തില്‍, യുവാക്കളില്‍ വൃക്ക തകരാറിലാകാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍: ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ വൃക്കകളെ ആക്രമിക്കുന്ന അവസ്ഥ.
ക്രിപ്റ്റോജെനിക് അവസ്ഥ: പലപ്പോഴും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. തലവേദന, കാലിലെ വീക്കം, മങ്ങിയ കാഴ്ച തുടങ്ങിയ ലക്ഷണങ്ങളെ യുവാക്കള്‍ അവഗണിക്കുന്നത് രോഗം ഗുരുതരമാകാൻ കാരണമാകുന്നു.
വേദനസംഹാരികള്‍ എന്ന ശത്രു
സ്വയം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന വേദനസംഹാരികള്‍ വൃക്കകളുടെ പ്രധാന ശത്രുവാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് വൃക്കകളെ നേരിട്ട് ബാധിക്കുന്നു. പാരസെറ്റമോള്‍ താരതമ്യേന സുരക്ഷിതമാണെങ്കിലും മറ്റ് കഠിനമായ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് അപകടകരമാണ്.
മൂത്രത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
വൃക്കയുടെ ആരോഗ്യം തിരിച്ചറിയാൻ മൂത്രത്തിന്റെ നിറവും അളവും ശ്രദ്ധിച്ചാല്‍ മതിയാകും. മുമ്പത്തേക്കാള്‍ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുന്നത് വൃക്ക തകരാറിന്റെ ലക്ഷണമാകാം. മൂത്രത്തിന് ഇരുണ്ട നിറം, കോളയുടെ നിറം അല്ലെങ്കില്‍ ബ്ലാക്ക് കോഫിയുടെ നിറം എന്നിവ കാണപ്പെടുകയാണെങ്കില്‍ ഉടൻ വൈദ്യസഹായം തേടണം. മൂത്രത്തില്‍ അമിതമായി നുര കാണപ്പെടുന്നത് പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ സൂചനയാകാം. കൂടാതെ മുഖത്തും കാലുകളിലും ഉണ്ടാകുന്ന വീക്കം വൃക്കകള്‍ക്ക് ദ്രാവകം ശരിയായി പുറന്തള്ളാൻ കഴിയാത്തത് കൊണ്ടാണ്.
പ്രധാന പരിശോധനകള്‍
വൃക്കകള്‍ക്ക് 50 ശതമാനം വരെ കേടുപാടുകള്‍ സംഭവിച്ചാലും പലപ്പോഴും പുറമെ ലക്ഷണങ്ങള്‍ കണ്ടെന്നു വരില്ല. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്:
KFT/RFT: സെറം യൂറിയ, സെറം ക്രിയാറ്റിനിൻ എന്നിവയുടെ അളവ് പരിശോധിക്കുന്നു.
ഇലക്‌ട്രോലൈറ്റുകള്‍: സോഡിയം, പൊട്ടാസ്യം നില അറിയാൻ.
മൂത്ര പരിശോധന: പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്താൻ.
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ശീലിക്കുന്നതിനൊപ്പം മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

