തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിഡിപി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ബിജെപി- സിപിഐഎം ഡീല്‍ സംസ്ഥാനത്ത് പ്രകടമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഈ സർക്കാരിന് തെരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. പുരോഗമന പാർട്ടി ആയതുകൊണ്ടാണോ അവരുടെ പിന്തുണ സിപിഐഎം സ്വീകരിച്ചത്. പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്ന ആളുകളാണ് തങ്ങള്‍ക്ക് വെല്‍ഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചാല്‍ അതിന് എതിരായ സിംഹഗർജ്ജനം മുഴക്കുന്നത്. പിഡിപി ഇടതുപക്ഷത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. മുഖ്യമന്ത്രി അറിയാതെ ഇതുണ്ടാകില്ല. വെല്‍ഫെയർ പാർട്ടി തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ വർഗീയതയാണെന്ന് പറയുന്നവർ പിഡിപിയുടെ പിന്തുണയെ പറ്റി എന്താണ് പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വർഗീയത ആയിരുന്നു ഉന്നം വെച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ആഗോള അയ്യപ്പ സംഗമത്തില്‍ തുടങ്ങി ഇപ്പോള്‍ എടുത്ത ഓരോ നിലപാടുകളും പരിശോധിച്ചാല്‍ കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ കയ്യൊഴിഞ്ഞ് ഭൂരിപക്ഷത്തെ കൂടെ കൂട്ടാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് മനസിലാകും. അതുകൊണ്ടാണ് ബിജെപിയുമായി അവർ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയാണ് തുടർഭരണം ഉണ്ടായത്. കേരളത്തിലെ സിപിഐഎം ഒരു കാലത്തുമില്ലാത്ത വിധം ബിജെപിയുമായി കൈകോർത്തിരിക്കയാണ്. എൻഡിഎയിലെ കക്ഷികള്‍ക്ക് കൊടുത്ത സീറ്റ് പരിശോധിച്ചാല്‍ അത് മനസിലാകും. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് വരരുത് എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ഈ രണ്ട് ലക്ഷ്യവും ഒരുമിച്ച് ചേരുമ്പോള്‍ അവർ നടത്തിയ രാഷ്ട്രീയ കള്ളക്കളിയാണ് തുടർഭരണത്തിലേക്ക് വഴിതെളിച്ചത്. ഇപ്പോള്‍ കേരളത്തില്‍ എവിടെനോക്കിയാലും അത് നമുക്ക് പ്രകടമായി കാണാൻ കഴിയും. നമ്മളത് പറയുമ്പോള്‍ മുഖ്യമന്ത്രി 1980ലെ കാര്യമൊക്കെയാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി ഒരിക്കലും ബിജെപിയുമായി സന്ധി ഉണ്ടാക്കിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ബിജെപിയുമായി കൈകോർത്തുപിടിച്ചത്. ബിജെപിയുമായുള്ള ധാരണയും ഡീലും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ പഴയ കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുന്നത്തുനാട്ടില്‍ ട്വന്റി- 20 ക്ക് ഇത്രയും സീറ്റ് നല്‍കിയതില്‍ കള്ളക്കളി ഉണ്ട്. സ്ഥാനാർത്ഥികളുടെ പേര് പരിശോധിച്ചാല്‍ ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന കള്ളക്കളി മനസ്സിലാകും. കൂത്തുപറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാലായിരത്തി അഞ്ഞൂറ് വോട്ടിന് വിജയിച്ചത് ബിജെപിയുടെ വോട്ട് വാങ്ങിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ചെറ്റ പ്രയോഗം മുഖ്യമന്ത്രിക്ക് സ്ഥിരമായിട്ടുള്ളതാണ്. ജി സുധാകരനെ ചെറ്റ എന്നുവിളിച്ചത് അംഗീകരിച്ചുകൊടുക്കാൻ കഴിയുമോ? യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത് തുടർഭരണം ഉണ്ടാകരുത് എന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോന്നിയില്‍ കണ്ടത് യഥാർത്ഥ പിണറായി വിജയനെയാണ്. ഒരു പാവപ്പെട്ടവൻ ചോദ്യം ചോദിച്ചപ്പോള്‍ അയാളോട് വീട്ടില്‍ പോയി ചോദിക്കാനാണ് പറഞ്ഞത്. അവിടെ പി ആർ ഏജൻസി ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം പറയുന്ന കള്ളം കേട്ട് മൈക്ക് പോലും അദ്ദേഹത്തോട് പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മാത്രമാണ് മൈക്ക് കേടാകുന്നത്. അദ്ദേഹം പ്രസംഗിക്കുന്ന കള്ളം കേട്ട് മൈക്കിന് പോലും അതൃപ്തിയാകുന്നതാണ് അതിന് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുമ്പ് പരനാറി പ്രയോഗമായിരുന്നു. ഇപ്പോള്‍ ജി സുധാകരനെ ചെറ്റ എന്ന് വിളിക്കുന്നു. ഈ പ്രയോഗം അദ്ദേഹത്തിന് സ്ഥിരമാണ്. നവോത്ഥാന നായകന്റെ വേഷം കെട്ടിയിട്ടും ഇടക്കിടെ യഥാർത്ഥ രൂപം പുറത്തുവരികയാണ്. ജി സുധാകരനെ പോലെ സുതാര്യ രാഷ്ട്രീയ ജീവിതം നയിക്കുന്ന ആളെ ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ശരിയാണോ? അത് അംഗീകരിച്ച് കൊടുക്കാനാകുമോ? എന്താണ് സിപിഐഎമ്മിന്റെ സ്ഥിതിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വലിയ തത്വശാസ്ത്രം പ്രസംഗിക്കുന്ന എം വി ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്ക് സീറ്റ് ലഭിക്കാനായി നടത്തിയ ഭഗീരഥപ്രയത്‌നം നമ്മളാരും മറന്നിട്ടില്ല. ഭാര്യക്ക് സീറ്റ് വാങ്ങിക്കൊടുക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി നടത്തുന്ന പെടാപാട് നാം കണ്ടുകൊണ്ടിരിക്കയാണ്. അവിടത്തെ മുഴുവൻ പാർട്ടി പ്രവർത്തകരും അതിന് എതിരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആ എതിർപ്പിന്റെ കുന്തമുനയാണ് ടി കെ ഗോവിന്ദൻ എന്ന സ്ഥാനാർത്ഥിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയില്‍ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും സർക്കാർ മുൻകൈ എടുത്ത് പ്രതികള്‍ക്ക് ജാമ്യം കിട്ടാൻ അവസരം ഒരുക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

