വടക്കുകിഴക്ക് ഒറ്റയ്ക്ക് പിടിയ്ക്കാൻ ബിജെപി; വടക്കുകിഴക്ക് വഴി ഇന്ത്യയുടെ വാതിൽ വീണ്ടും തുറക്കാൻ കോൺഗ്രസ്; പോരാട്ടം ശക്തമാകുന്നു 

ന്യൂഡൽഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് തെര‍ഞ്ഞെടുപ്പിലേക്ക് എത്തുന്നത്. പതിവ് തെരഞ്ഞെടുപ്പിന് അപ്പുറത്തേയ്ക്ക് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമികയെത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള നിർണ്ണായകമായ ഒരു മത്സരമാണ് ന‍ടക്കാനിരിക്കുന്നത്. അസമിലെ ഭരണം പിടിക്കുകയെന്നാല്‍ വടക്കുകിഴക്കൻ ഇന്ത്യയിലേയ്ക്കുള്ള വാതില്‍ തുറക്കുക എന്നത് തന്നെയാണ് ഇപ്പോഴും അർത്ഥം.

Advertisements

ഹിമന്ത ബിശ്വ ശർമ്മയും ഗൗരവ് ഗൊഗോയിയും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് ഇത്തവണ അസമിലെ ഹൈലൈറ്റ്. പുതിയ നേതൃത്വത്തെ ഉയർത്തിക്കാട്ടിയും, ഭരണവിരുദ്ധ വികാരവും സാമൂഹിക കൂട്ടായ്മകളും പ്രയോജനപ്പെടുത്താൻ സഖ്യങ്ങള്‍ രൂപീകരിച്ചും ശക്തമായ തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്വത്വ രാഷ്ട്രീയം മുതല്‍ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വരെയുള്ള വൈകാരിക വിഷയങ്ങള്‍ അസമിലെ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു. അസമില്‍ 2023ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റുകളില്‍ ഇത് വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ മുസ്ലീം വിഭാഗത്തിന് സ്വാധീനമുണ്ടായിരുന്നത് 36 മണ്ഡലങ്ങളിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 23 ആയി കുറഞ്ഞെന്നാണ് പ്രതിപക്ഷ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസമില്‍ കോണ്‍ഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2016ലാണ് ബി.ജെ.പി അധികാരം പിടിക്കുന്നത്. എന്നാല്‍, അന്ന് 60 സീറ്റുകള്‍ നേടിയെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം (63 സീറ്റുകള്‍) നേടാൻ ബിജെപിയ്ക്ക് സാധിച്ചില്ല. 2016ന്റെ തനിയാവർത്തനമാണ് 2021ലും കാണാനായത്. 60 സീറ്റുകള്‍ നേടിയ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. സംസ്ഥാനത്ത് ഇന്ന് പ്രധാന ശക്തിയാണെങ്കിലും നിയമസഭയില്‍ സ്വന്തം നിലയില്‍ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

നിയമസഭയിലുണ്ടായതിന് സമാനമായ ഒരു പ്രവണത ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാം. 2014ല്‍ ഏഴ് സീറ്റുകള്‍ നേടിയ ബി.ജെ.പി, 2019-ലും 2024-ലും ഒമ്പത് സീറ്റുകളില്‍ തന്നെ തുടരുകയാണ്. വോട്ട് വിഹിതം ക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നത് ബിജെപിയെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്നു. 2026ല്‍ സംസ്ഥാനം വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുമ്പോള്‍ മണ്ഡല പുനർനിർണ്ണയവും ക്ഷേമപദ്ധതികളും ഭരണനേട്ടങ്ങളും മുൻനിർത്തി ഈ പിന്തുണയെ കേവല ഭൂരിപക്ഷമാക്കി മാറ്റാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അസമില്‍ പ്രാദേശിക വികാരം ഉയര്‍ത്തി നിന്ന അസം ഗണ പരിഷത്തിനെയും കോണ്‍ഗ്രസിനെയും പിന്നിലാക്കിയാണ് ബിജെപി ഏറ്റവും വലിയ പാര്‍ട്ടിയായി വളര്‍ന്നത്. അസം പിടിച്ചതിന് ശേഷം ബി.ജെ.പിയ്ക്ക് മണിപ്പൂരിലും ത്രിപുരയിലും സ്വന്തം ശക്തിയ്ക്ക് അധികാരത്തിലെത്താൻ കഴിഞ്ഞു. അരുണാചല്‍ പ്രദേശില്‍ ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി അധികാരത്തില്‍ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഭരണ മുന്നണികളുടെ ഭാഗമാണ്. അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശന കവാടം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അസമില്‍ ബി.ജെ.പി.

അസമില്‍ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആകെ നിയന്ത്രണം കോണ്‍ഗ്രസിന് നഷ്ടമായതില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഹിമന്ത ബിശ്വ ശര്‍മ്മയുടെ പടിയിറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. രാഹുല്‍ ഗാന്ധിയുമായി തെറ്റിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസിനെ ‘കൈ’ വിട്ടത്. ഗൗരവ് ഗൊഗോയിക്ക് കോണ്‍ഗ്രസ് ഹൈക്കമാൻഡ് നല്‍കുന്ന പ്രാധാന്യമാണ് ഹിമന്തയെ ചൊടിപ്പിച്ചത്. ഹിമന്ത എത്തിയ ശേഷം ബി.ജെ.പിയുടെ വളര്‍ച്ച അതിവേഗത്തിലായി. ഹിമന്ത ദേശീയ രാഷ്ട്രീയത്തിലെ താരമാകുകയും ചെയ്തു. എന്നാല്‍, സര്‍ബാനന്ത സോനോവാളാണ് അസമില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായത്. അസമിലെ മുന്നേറ്റം 2021ലും ബി.ജെ.പി തുടര്‍ന്നു. സര്‍ബാനന്ത സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി പദം ഏല്‍പ്പിച്ചും സോനോവാളിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയും ബി.ജെ.പി അസമിന്റെ കടിഞ്ഞാണ്‍ ഉറപ്പിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് തീവ്ര ഹിന്ദുത്വ നയമാണ് ബി.ജെ.പി സ്വീകരിച്ചത്. കുടിയേറ്റവും നുഴഞ്ഞുകയറ്റവും തടയുന്ന ഹീറോ പരിവേഷമാണ് ഹിമന്ത ലക്ഷ്യമിട്ടത്. ഇത് അസമിലെ ഹിന്ദുക്കളുടെ ധ്രുവീകരണത്തിന് ബി.ജെ.പിയെ സഹായിച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനും ഇടയില്‍ വിഘടിച്ചു പോകുകയും ഹിന്ദു വോട്ടുകള്‍ വിഘടിക്കുകയും ചെയ്താല്‍ ബി.ജെ.പിയ്ക്ക് വീണ്ടും അധികാരത്തിലെത്താം. ലോക്സഭയില്‍ ഹിമന്തയുടെ നയങ്ങള്‍ക്കെതിരായ ധ്രുവീകരണം ന്യൂനപക്ഷ വോട്ടിംഗില്‍ കാണാനായി. കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയെങ്കിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. അസമിലെ 34 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നാല്‍ ബി.ജെ.പിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

അതേസമയം, ഗായകൻ സുബീൻ ഗാര്‍ഗിന്റെ മരണം അസമില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുവാക്കള്‍ സര്‍ക്കാരിനെതിരെയായോ എന്ന ചര്‍ച്ചകള്‍ വലിയ രീതിയില്‍ നടന്നു. തത്ക്കാലം ആ സാഹചര്യം മറികടക്കാൻ അസം മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയ്ക്ക് പ്രധാന വെല്ലുവിളിയായ ഗൗരവ് ഗൊഗോയിക്ക് അസമില്‍ സ്വാധീനം ഉയരുന്നുണ്ട്. എന്നാല്‍, ബി.ജെ.പി സർക്കാരിനെ അട്ടിമറിക്കാൻ കെല്‍പ്പുള്ള തന്ത്രങ്ങള്‍ മെനയാൻ ഗൗരവിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തുടർഭരണ പ്രതീക്ഷയോടെയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. കേരളത്തോടൊപ്പം അസമില്‍ ഏപ്രില്‍ 9ന് വോട്ടിംഗ് അവസാനിക്കും.

Hot Topics

Related Articles