ആവലഹള്ളി: ബിസ്കറ്റ് നല്‍കി സലൂണ്‍ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ സലൂണ്‍ ഉടമയ്ക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം.പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പിരിച്ചുവിട്ടെന്ന് ആരോപണം ഉയർന്നതോടെ ക്രൂരമർദ്ദനമാണ് ഉടമയ്ക്ക് നേരെയുണ്ടായത്. ആവലഹള്ളിയിലെ സ്കിൻ ഷൈൻ ഫാമിലി സലൂണിലാണ് സംഭവം. ഇവിടെ ബ്യൂട്ടീഷ്യനായിരുന്ന സുഷമയോട് സലൂണ്‍ ഉടമ മോഹൻ കുമാർ പ്രണയാഭ്യർത്ഥന നടത്തിയെന്നാണ് ആരോപണം.
ഒരു ബിസ്കറ്റ് നല്‍കിയായിരുന്നു മോഹൻ പ്രൊപ്പോസ് ചെയ്തതെന്നും സംസാരമുണ്ട്. എന്നാല്‍ സുഷമ ഈ അഭ്യർത്ഥന നിരസിച്ചു.ഇതിന് പിന്നാലെ സുഷമയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്. സുഷമയുടെ ഭർത്താവും നാലഞ്ചു സുഹൃത്തുക്കളും സലൂണിലെത്തി മോഹൻ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും സംഘം ആക്രമിച്ചു. ഇവരുടെ കഴുത്തിന് പിടിച്ചു തള്ളിയെന്നും പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സലൂണിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതാണ് കേസിലെ പ്രധാന തെളിവ്. സംഭവത്തിന് ശേഷം സുഷമ, ഭർത്താവ്, ഒപ്പമുണ്ടായിരുന്നവർ എന്നിവർക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.

