കൊച്ചി : ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ കറൻസി ഇടപാടുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് നിലവില്‍ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നല്‍കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രില്‍ 10 മുതല്‍ ഫാസ്റ്റാഗ് ഇല്ലാതെ ടോള്‍ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ യുപിഐ വഴി പണമടച്ചാല്‍ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നല്‍കിയാല്‍ മതിയാകും. ഉദാഹരണത്തിന്, ടോള്‍ നിരക്ക് 100 രൂപയായാല്‍, യുപിഐ വഴി പണമടയ്ക്കുന്നവർ 125 രൂപ നല്‍കിയാല്‍ യാത്ര തുടരാൻ സാധിക്കും. ഇതുവരെ ഇത്തരം വാഹനങ്ങളില്‍ നിന്ന് 200 രൂപ വരെ ഈടാക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ടോള്‍ പ്ലാസകളില്‍ കാഷ് ഇടപാടുകള്‍ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഫാസ്റ്റാഗ് സംവിധാനം ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് മാർഗങ്ങള്‍ ഉപയോഗിക്കാൻ ഇത് പ്രേരണയാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച 2008ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ഏപ്രില്‍ 2ന് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

