മുംബൈ : ജസ്പ്രീത് ബുംറ തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും വിചിത്രമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ ഒന്നില്‍ പോലും ഒരു വിക്കറ്റ് നേടാൻ ബുംറയ്ക്ക് സാധിച്ചിട്ടില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരള്‍ച്ച ഐപിഎല്‍ 2026-ലെ നാല് മത്സരങ്ങള്‍ പിന്നിടുമ്പോഴും തുടരുകയാണ്. ഒരു പതിറ്റാണ്ട് നീണ്ട തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ‘വിക്കറ്റ് വരള്‍ച്ച’ (122 പന്തുകള്‍)യിലൂടെയാണ് ബുംറ ഇപ്പോള്‍ കടന്നുപോകുന്നത്.
ടി20 ലോകകപ്പില്‍ 14 വിക്കറ്റുമായി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ഫൈനലില്‍ കളിയിലെ താരമാകുകയും ചെയ്ത ബുംറക്ക് മുംബൈയുടെ നീലക്കുപ്പായത്തിലിറങ്ങിയപ്പോള്‍ഇതെന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബുംറയുടെ വിക്കറ്റ് വരള്‍ച്ചക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പരീക്ഷണങ്ങളാണ് അതിലൊന്ന്. ബുംറയെ ഉപയോഗിക്കുന്ന രീതിയില്‍ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് കൃത്യമായ ഒരു പദ്ധതിയുമില്ലെന്ന് വിമർശനമുണ്ട്. ഓരോ മത്സരത്തിലും വ്യത്യസ്തമായ ഓവറുകളിലാണ് ബുംറയെ പരീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈ ജയിച്ച കൊല്‍ക്കത്തക്കെതിരായ ആദ്യ കളിയില്‍ 5, 12, 18, 20 ഓവറുകളിലാണ് ബുംറ പന്തെറിഞ്ഞത്. എന്നാല്‍ ആര്‍സിബിക്കെതിരെ: 4, 6, 17, 19 ഓവറുകളാണ് ബുംറയെറിഞ്ഞത്. ഈ അനിശ്ചിതത്വം ബുംറയുടെ താളം തെറ്റിക്കുന്നുവെന്നാണ് നിരീക്ഷകർ ചണ്ടിക്കാട്ടുന്നത്. സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കുമ്പോള്‍ ബുംറയ്ക്ക് കൃത്യമായ റോളുകള്‍ നല്കാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ഇതിന് പുറമെ ബുംറയുടെ ഓവറുകളില്‍ റിസ്ക് എടുക്കാതെ വിക്കറ്റ് കാത്തുസൂക്ഷിച്ച് കരുതലോടെ കളിക്കാനാണിപ്പോള്‍ ബാറ്റർമാർ ശ്രമിക്കുന്നത്. ബുംറയുടെ ഓവറുകള്‍ ‘കഴിച്ചുകൂട്ടിയ’ ശേഷം മറ്റു ബൗളർമാരെ ആക്രമിക്കുക എന്ന തന്ത്രം എതിർ ടീമുകള്‍ വിജയകരമായി നടപ്പിലാക്കുന്നുതും വിക്കറ്റ് വരള്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിന് പുറമെ മുംബൈ ബൗളിംഗ് കോച്ച് ലസിത് മലിംഗ പറയുന്നത് പ്രകാരം, വിക്കറ്റ് നേടാനുള്ള ശ്രമത്തില്‍ ബുംറ അടക്കമുള്ള ബൗളര്‍മാര്‍ അമിതമായി വേരിയേഷനുകള്‍ ഉപയോഗിക്കുന്നതും വിക്കറ്റ് വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. സ്വന്തം ‘സ്റ്റോക്ക് ബോളി’ല്‍ ഉറച്ചുനില്ക്കുന്നതിന് പകരം പരീക്ഷണങ്ങള്‍ നടത്തുന്നതും വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് മലിംഗയുടെ പക്ഷം.
എന്നാല്‍ ബുംറ വിക്കറ്റ് വീഴ്ത്താതിനെക്കുറിച്ച് മുംബൈ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുന്‍ താരം രവിചന്ദ്രൻ അശ്വിൻ പറയുന്നത്. ടി20 ക്രിക്കറ്റില്‍ വിക്കറ്റ് നേടുന്നതിനേക്കാള്‍ റണ്‍സ് വിട്ടുനല്‍കുന്നത് നിയന്ത്രിക്കുന്നതിലാണ് കാര്യമെന്ന് അശ്വിൻ എക്സില്‍ കുറിച്ചു. ബുംറ യോർക്കറുകള്‍ കൃത്യമായി എറിയുന്നതും എതിരാളികളെ വരിഞ്ഞുമുറുക്കുന്നതും വിക്കറ്റ് എടുക്കുന്നതിനേക്കാള്‍ പ്രധാനമാണ്. വാംഖഡെ പോലെയുള്ള സ്റ്റേഡിയങ്ങളില്‍ റണ്‍സ് നിയന്ത്രിക്കുക എന്നതാണ് വലിയ കാര്യം. ബൗളിംഗ് കൂട്ടുകെട്ടുകള്‍ പരാജയപ്പെടുന്നതും ഇതിന് കാരണമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

