ന്യൂഡല്‍ഹി: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വിലകള്‍ വർദ്ധിക്കാൻ സാധ്യത. എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വില വർദ്ധനവ് അനിവാര്യമാണെന്നാണ് സർക്കാർ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വർദ്ധിച്ചേക്കാം എന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാർഹിക സിലിണ്ടറുകള്‍ക്ക് 40 മുതല്‍ 50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം. പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഷിപ്പിംഗ് ഭീഷണികളും വില ഉയരാൻ കാരണമായി. ദീർഘകാലമായി റീട്ടെയില്‍ വിലയില്‍ മാറ്റം വരുത്താത്തതിനാല്‍ എണ്ണ വിപണന കമ്പനികള്‍ വലിയ നഷ്ടം നേരിടുകയാണ്.
ഈ വർദ്ധനവ് നടപ്പിലാക്കുകയാണെങ്കില്‍, ഏകദേശം നാല് വർഷത്തിന് ശേഷമായിരിക്കും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിപ്പിക്കുന്നത്. 2022 മുതല്‍ ഇന്ധനവില വലിയ തോതില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആഗോള സാഹചര്യങ്ങള്‍ മാറുന്നത് സമ്മർദ്ദമുണ്ടാക്കുന്നു. വില വർദ്ധനവ് പണപ്പെരുപ്പത്തെയും സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് സർക്കാർ ഈ വിഷയത്തെ സമീപിക്കുന്നത്. അതേസമയം, ഇന്ധനവില കൂടുമെന്ന ഭയത്തില്‍ പെട്രോള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

