ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്: കനത്ത തോൽവിയ്ക്ക് പിന്നാലെ പാർട്ടി വിട്ട് ക്രിക്കറ്റ് താരം മനോജ് തിവാരി; രാജി കായിക വകുപ്പ് മന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ശേഷം 

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി പാർട്ടി വിട്ടു. ബംഗാളിലെ കായിക വകുപ്പ് സഹമന്ത്രിയായിരുന്ന തിവാരി, സ്ഥാനമൊഴിയുന്ന കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജിവെച്ചത്. ബംഗാളില്‍ ബിജെപി അധികാരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

Advertisements

സംസ്ഥാനത്തെ കായിക മേഖലയെ അരൂപ് ബിശ്വാസ് തകർത്തുവെന്ന് തിവാരി ആരോപിച്ചു. കായികരംഗത്തെ എബിസിഡി പോലും അരൂപ് ദാക്ക് അറിയില്ല. പല ഔദ്യോഗിക പരിപാടികളിലും ഒരു സ്പോർട്സ് മിനിസ്റ്റർ എന്ന നിലയില്‍ എന്നെ വേദിയില്‍ കയറ്റാതെ അവഗണിച്ചു. കായിക നയം കൊണ്ടുവരാൻ ഞാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല-തിവാരി പറഞ്ഞു. ബിജെപിയുടെ പാപിയ അധികാരിയോട് 6,000 വോട്ടുകള്‍ക്കാണ് ഇത്തവണ അരൂപ് ബിശ്വാസ് പരാജയപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിയോണല്‍ മെസ്സിയുടെ കൊല്‍ക്കത്ത സന്ദർശനം വൻ പരാജയമായതിനെക്കുറിച്ചും തിവാരി ആഞ്ഞടിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മെസ്സിക്കൊപ്പം തിക്കും തിരക്കും കൂട്ടിയപ്പോള്‍ സാധാരണ ആരാധകർക്ക് അദ്ദേഹത്തെ കാണാൻ പോലും സാധിച്ചില്ല. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ പ്രതിഷേധം സർക്കാരിന് നാണക്കേടായിരുന്നു. ആ പരിപാടി ഒരു “റോയല്‍ മെസ്സ്” ആകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് താൻ അതില്‍ നിന്ന് വിട്ടുനിന്നതെന്നും തിവാരി വെളിപ്പെടുത്തി.

തൃണമൂല്‍ വിട്ടെങ്കിലും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മനോജ് തിവാരി വ്യക്തമാക്കി. ഇനി രാഷ്ട്രീയത്തിനില്ല. ക്രിക്കറ്റ് കോച്ചിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തിവാരി പറഞ്ഞു. ബംഗാള്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഭരണത്തിലേറുന്ന സാഹചര്യത്തില്‍, പ്രമുഖ നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Hot Topics

Related Articles