തന്നെ ആരും ട്വൻ്റി 20 താരമായി പരിഗണിച്ചില്ല; തന്നെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായി കണ്ടതിനെപ്പറ്റി മനസ് തുറന്ന് കെ.എൽ രാഹുൽ 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് തന്നെ ഒരു ‘ടെസ്റ്റ് സ്പെഷ്യലിസ്റ്റ്’ ആയി മാത്രം മുദ്രകുത്തിയിരുന്ന കാലത്തെക്കുറിച്ച്‌ മനസ്സ് തുറന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍. തുടക്കകാലത്ത് തന്നെ ഒരു മികച്ച ടി20 താരമായോ വൈറ്റ് ബോള്‍ പ്ലെയറായോ പോലും ആരും പരിഗണിച്ചിരുന്നില്ലെന്ന് ജിയോ സ്റ്റാറിലെ ‘സൂപ്പർസ്റ്റാർസ്’ ഷോയില്‍ രാഹുല്‍ പറഞ്ഞു. പത്ത് വർഷം മുൻപ് ഒരു ടി20 ടീമിന്‍റെ ഭാഗമാകാൻ ഞാൻ എന്തും നല്‍കുമായിരുന്നു. എന്നെ ഒരിക്കലും ഒരു ടി20 കളിക്കാരനായി ആരും വിലയിരുത്തിയിരുന്നില്ല. ഒരു ടെസ്റ്റ് പ്ലേയർ എന്ന ലേബലില്‍ നിന്ന് പുറത്തുകടന്ന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇത്രത്തോളം എത്താൻ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Advertisements

കരിയറില്‍ പല പിഴവുകളും സംഭവിച്ചിട്ടുണ്ടെങ്കിലും എല്ലാ പരീക്ഷണഘട്ടങ്ങളിലും തന്‍റെ നൂറ് ശതമാനം നല്‍കാൻ ശ്രമിച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. 2022-ന് ശേഷം ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ തന്‍റെ പ്രകടനത്തിലൂടെ വിമർശകർക്ക് രാഹുല്‍ മറുപടി നല്‍കുന്നുണ്ട്. ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാഹുല്‍ നേടിയ 152* റണ്‍സ് (67 പന്തില്‍) ഒരു ഇന്ത്യൻ താരം ടി20യില്‍ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമായും രാഹുല്‍ മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിക്കറ്റിനോടുള്ള തന്‍റെ കാഴ്ചപ്പാട് മാറ്റിയത് മകളുടെ ജനനമാണെന്ന് രാഹുല്‍ പറ‌ഞ്ഞു. കഴിഞ്ഞ വർഷം (2025 മാർച്ചില്‍) രാഹുലിനും നടി ആതിയ ഷെട്ടിക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. അച്ഛനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. എന്‍റെ മകളുടെ പുഞ്ചിരി കാണുമ്പോള്‍ എല്ലാ വേദനകളും ആശങ്കകളും ഞാൻ മറക്കും. ഇത് എന്‍റെ ക്രിക്കറ്റിനെയും പോസിറ്റീവായി ബാധിച്ചു. ഇപ്പോള്‍ ഞാൻ കളിയെക്കുറിച്ച്‌ അമിതമായി ചിന്തിക്കാറില്ല. ആ 4-5 മണിക്കൂർ സമയം ഞാൻ കളി ആസ്വദിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്-രാഹുല്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ എക്കാലത്തെയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എം.എസ് ധോണിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും റെക്കോർഡുകളിലല്ല, ട്രോഫികളിലാണ് തന്‍റെ കണ്ണെന്ന് രാഹുല്‍ പറഞ്ഞു. ധോണി ഭായിയെ റണ്‍സിന്‍റെ കാര്യത്തില്‍ മറികടന്നത് ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് അദ്ദേഹത്തെപ്പോലെ അഞ്ച് ഐപിഎല്‍ ട്രോഫികള്‍ നേടാനാണ് ആഗ്രഹം. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്‍റെ വിജയത്തിനാണ് ഞാൻ മുൻഗണന നല്‍കുന്നത് രാഹുല്‍ കൂട്ടിച്ചേർത്തു. കരിയറില്‍ ഇനിയും വർഷങ്ങള്‍ ബാക്കിയുണ്ടെന്നും രാജ്യത്തിനും ടീമിനുമായി കൂടുതല്‍ കിരീടങ്ങള്‍ നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

Hot Topics

Related Articles