കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രിയായി നിയമിച്ച വി.ഡി സതീശനെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഷാഫി പറമ്പിലിനും മാത്യു കുഴല്‍നാടനുമെതിരെ സൈബർ ആക്രമണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകരും അനുഭാവികളും രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിന്റെ, കോണ്‍ഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് ഇനി പുതിയ മുഖം, പുതിയ ശൈലി, പ്രിയപ്പെട്ട വി.ഡി സതീശന് അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍ എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജനവികാരം മനസ്സിലാക്കി പ്രവർത്തിച്ചാല്‍ മുന്നോട്ട് പോവാം, ഗ്രൂപ് കളിക്ക് മുന്നിട്ടിറങ്ങിയാല്‍ ജനം തൂക്കിയെറിയുമെന്നാണ്’ ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നൊരു കമന്റ്. ‘ഗ്രൂപ്പ് കളി ജനങ്ങള്‍ തള്ളി, ഇത് ജനങ്ങളുടെ വിജയം, ബിരിയാണി തിന്നിട്ട് കേസിക്ക് വേണ്ടിയല്ലേ വാദിച്ചത്, നിന്നോട് ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസ് കാരനും പൊറുക്കില്ല, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം ഇനിയും ഗ്രൂപ്പിസവുമായി നടന്നാല്‍ ഒരു തിരിച്ചു വരവ് അസാധ്യമായിവരും പിന്നെ സംഭവിക്കുന്നത് ഭീകരമായ പതനം തന്നെയായിരിക്കും’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ഒരു മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത ഷാഫിയുടെ കുറിപ്പിന് ഇതിനകം തന്നെ ഏഴായിരത്തിലധികം കമന്റുകളാണ് നിറഞ്ഞത്. ഇതില്‍ ഭൂരിഭാഗവും ഷാഫിക്കെതിരെയാണ്. വി.ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നല്ല രീതിയില്‍ കേരളം ഭരിക്കട്ടെ, പാരവെച്ചു താഴെയിറക്കാൻ തക്കം പാർത്തിരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരോട് വളരെ വിനയത്തോടുകൂടി പറയട്ടെ ദയവുചെയ്തു കാലു വാരരുത്, പഴയ കാലമല്ല ജനം ഇളകിയത് കണ്ടില്ലേ എന്ന ഓര്‍മപ്പെടുത്തലും പോസ്റ്റിന് താഴെയുണ്ട്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ലീഗിന് പങ്കില്ലെന്ന തരത്തിലുള്ള മാത്യു കുഴല്‍നാടന്റെ പരാമർശവും അദ്ദേഹത്തിന്റെ പോസ്റ്റില്‍ വിമർശനമായി ഉന്നയിക്കുന്നുണ്ട്. ജനങ്ങളാണ് ബോസ് എന്നും എംഎല്‍എമാരൊക്കെ അതിന് താഴെയാണെന്നും മാത്യകുഴല്നാടനെ ചിലർ ഓർമിപ്പിക്കുന്നു. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് നിയമസഭാ കക്ഷി നേതാവായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുൻഷിയാണ് തീരുമാനം അറിയിച്ചത്.
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ പിന്തുടരാം


