തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ദീര്‍ഘകാലമായി തുടര്‍ന്നുവന്ന ഒരു കീഴ്വഴക്കം പൊളിച്ചെഴുതിക്കൊണ്ട് ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടല്‍.പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഉന്നത നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപ്പണിക്ക് തുടക്കമായിരിക്കുകയാണ്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് അടിയന്തരമായി മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ഇന്ന് പ്രത്യേക ഉത്തരവിറക്കി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്റലിജന്‍സ്/സ്പെഷ്യല്‍ ബ്രാഞ്ച് വിങ്ങുകളില്‍ മാത്രം താവളമുറപ്പിച്ചിരുന്ന ഇടത് സംഘടനക്കാരായ ഉന്നത നേതാക്കള്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നടപടി. ഇവരെ പൂര്‍ണ്ണമായും സ്പെഷ്യല്‍ ബ്രാഞ്ച് ചുമതലകളില്‍ നിന്ന് ഒഴിവാക്കി സാധാരണ പൊലീസുകാരുടെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇടത് സംഘടനാ നേതാവുമായ ആര് പ്രശാന്തിനെ തലസ്ഥാനത്തെ ഏറ്റവും തന്ത്രപ്രധാനമായ മ്യൂസിയം സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ആക്കിയാണ് നിലവില്‍ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയുടെ പൂര്‍ണ്ണ ചുമതല ഇനി മുതല്‍ മ്യൂസിയം എസ്.എച്ച്.ഒ ആയ പ്രശാന്തിനായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസോസിയേഷന് ജനറല്‍ സെക്രട്ടറിയായ സി.ആര്. ബിജുവിനെ കൊച്ചി സിറ്റിയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. കാലങ്ങളായി ഒരേ തസ്തികകളിലും പ്രത്യേക വിങ്ങുകളിലും തുടര്‍ന്ന് പൊലീസിന്റെ ഔദ്യോഗിക സംവിധാനങ്ങളെ സ്വാധീനിച്ചിരുന്ന നേതാക്കളെ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ജോലി ചെയ്യുന്ന ഫീല്‍ഡ് പോസ്റ്റിംഗുകളിലേക്ക് മാറ്റിയ ഡിജിപിയുടെ ഈ പ്രത്യേക ഉത്തരവ് പൊലീസ് സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെയും ദീര്‍ഘകാലം ഒരേ സ്റ്റേഷനുകളില്‍ തുടരുന്നവര്‍ക്കെതിരെയും ശക്തമായ അഴിച്ചുപ്പണി ഉണ്ടാകുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പ് നല്‍കുന്നത്.


