ഐപിഎൽ : പ്ലേ ഓഫ് സാധ്യതയില്ല; ഗുജറാത്തിനോട് തോറ്റ് ചെന്നേ പുറത്തേയ്ക്ക് 

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്.ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി 89 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് 7 പന്തില്‍ 16ഉം അന്‍ഷുല്‍ കാംബോജ് 8 പന്തില്‍ 19 റണ്‍സെടുത്തു.

Advertisements

ഗുജറാത്തിനായി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ 14 മത്സരങ്ങലില്‍ 6 ജയവും 8 തോല്‍വിയും അടക്കം 12 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ 18 പോയിന്‍റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. സ്കോര്‍ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ 229-4, ചെന്നൈ സൂപ്പര്‍ കിംഗ്സ് 13.4 ഓവറില്‍ 140ന് ഓള്‍ ഔട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആദ്യ പന്തിലെ അടിതെറ്റി. കീപ്പിംഗിനിടെ പരിക്കേറ്റെങ്കിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ മുഹമ്മദ് സിറാജിന്‍റെ ആദ്യ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്‌ നല്‍കി മടങ്ങി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. മാത്യു ഷോര്‍ട്ടും റുതുരാജ് ഗെയ്ക്‌വാദും ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം ഓവറില്‍ റുതുരാജിനെയും ഊര്‍വില്‍ പട്ടേലിനെയും(0) മടക്കിയ സിറാജ് ഇരട്ട പ്രഹരമേല്‍പിച്ചു. 

പിന്നാലെ ആറാം ഓവറില്‍ മാത്യു ഷോര്‍ട്ടിനെ റബാഡ പുറത്താക്കിയപ്പോള്‍ പവര്‍ പ്ലേയില്‍ 4 വിക്കറ്റ് നഷ്ടമായ ചെന്നൈ തോല്‍വി ഉറപ്പിച്ചു. 15 പന്തില്‍ 19 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മ റണ്ണൗട്ടായപ്പോള്‍ നാലു സിക്സും നാലു ഫോറും പറത്തി തകര്‍ത്തടിച്ച ശിവം ദുബെയുടെയും 8 പന്തില്‍ 19 റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജിന്‍റെയും പോരാട്ടത്തിന് ചെന്നൈയെ 100 കടത്താനായി. ഡെവാള്‍ഡ് ബ്രെവിസിനെ(8)യും ദുബെയെയയും കാംബോജിനെയും പുറത്താക്കിയ റാഷിദ് ഖാന്‍ ചെന്നൈയുടെ നടുവൊടിച്ചു. ഗുജറാത്തിനായി സിറാജ് 26 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ റബാഡ 32 റണ്‍സിനും റാഷിദ് കാന് 18 റണ്‍സിനും മൂന്ന് വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലറുടെയും അര്‍ധെസഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തത്. 53 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 37 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ 27 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

Hot Topics

Related Articles