കോട്ടയം: സ്‌കൂൾ തുറപ്പിന് മുന്നോടിയായി സ്‌കൂളുകളിലെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാകാത്തതിൽ ആശങ്കയുമായി സ്‌കൂൾ അധികൃതർ. ജില്ലയിലെ 58 സ്‌കൂളുകൾക്കാണ് ഇനിയും ഫിറ്റ്‌നസ് ലഭിക്കാത്തത്. അഞ്ചു വകുപ്പുകളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയായാൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു. മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് കെട്ടിട വിഭാഗം, കെ.എസ്.ഇ.ബി, വനം തുടങ്ങിയ അഞ്ചു വകുപ്പുകളാണ് സ്‌കൂൾ കെട്ടിടവും പരിസര പ്രദേശവും പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ, ഈ പരിശോധന പൂർത്തിയാക്കാൻ ഇതുവരെയും പല വകുപ്പുകൾക്കും സാധിച്ചിട്ടില്ല. സ്‌കൂൾ തുറപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, ഇതുവരെയും ഈ വകുപ്പുകളുടെ പരിശോധന പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സ്‌കൂൾ അധികൃതരും കടുത്ത ആശങ്കയിൽ തന്നെയാണ്.
കഴിഞ്ഞ സ്‌കൂൾ സീസണിൽ കൊല്ലത്ത് വിദ്യാർത്ഥി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചതിനു പിന്നാലെയാണ് സ്‌കൂളുകളിൽ വൈദ്യുതി വകുപ്പ് പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന നിർദേശം ഉണ്ടായത്. ഇത്തരത്തിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമം പൂർത്തിയാക്കുന്നതിനു കൂടുതൽ സമയം വേണ്ടി വരുന്നതായാണ് വൈദ്യുതി വകുപ്പ് പറയുന്നത്. സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ് വനം വകുപ്പിന്റെ ചുമതല. ഇതും പൂർത്തിയാക്കാൻ ഇനിയും സാധിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സർട്ടിഫിക്കറ്റുകളെല്ലാം ലഭിച്ചെങ്കിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂളുകൾക്ക് പൂർണ തോതിലുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു. ഈ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്ന ഈ നിലപാടിനെതിരെ അധ്യാപക സംഘടനകൾ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ സർക്കാർ ഇടപെട്ട് ഇളവുകൾ രംഗത്ത് കൊണ്ടു വരണമെന്ന ആവശ്യമാണ് അധ്യാപക സംഘടനകൾ അടക്കം ഉയർത്തുന്നത്.


