ധർമ്മശാല: രാജാവും സംഘവും രാജകീയമായി രണ്ടാം ഫൈനലിലേയ്ക്ക് മാർച്ച് ചെയ്തു. ആദ്യ ക്വാളിഫെയറിൽ ആധികാരികമായി ഗുജറാത്തിനെ തോൽപ്പിച്ചാണ് ബാംഗ്ലൂർ ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. നിർണ്ണായകമായ ആദ്യ ക്വാളിഫെയറിൽ ടോസ് നേടിയ ഗുജറാത്ത് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബിയ്ക്ക് വേണ്ടി ചെറുതെങ്കിലും മികച്ച തുടക്കമാണ് വെങ്കിടേഷ് അയ്യർ നൽകിയത്. രണ്ടാം ഓവറിന്റെ അവസാന പന്തിൽ അയ്യർ പുറത്താകുമ്പോഴേയ്ക്കും ആർ.സി.ബിയുടെ സ്‌കോർ ബോർഡിൽ 21 റൺ കൂട്ടിച്ചേർത്തിരുന്നു. ഏഴു പന്തിൽ 19 റണ്ണെടുത്ത അയ്യർ പിന്നാലെ എത്തുന്നവർക്ക് തകർത്തടിക്കാനുള്ള അടിത്തറ പാകിയശേഷമാണ് പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ കോഹ്ലിയും (43) പടിക്കലും ചേർന്ന് ആർ.സി.ബിയ്ക്ക് മികച്ച ലൈഫ് നൽകി. എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഹോൾഡറുടെ പന്തിൽ കോഹ്ലി ക്ലീൻ ബൗൾഡ് ആകുമ്പോഴേയ്ക്കും ആർ.സിബി സ്‌കോർ 93 ൽ എത്തിയിരുന്നു. ടീം സ്‌കോറിൽ ഒരു റൺ കൂടി ചേർത്ത് പടിക്കൽ (30) പുറത്തായെങ്കിലും അപ്പുറത്ത് വൻ വിസ്‌ഫോടനത്തിനുള്ള കോപ്പുകളാണ് കൂട്ടിക്കൊണ്ടിരുന്നത്.
പിന്നീട് പട്ടീദാറും (പുറത്താകാതെ 93) ക്രുണാൽ പാണ്ഡ്യയും (43) ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംങിൽ ഗുജറാത്തിന്റെ വിജയപ്രതീക്ഷകളാണ് അലിഞ്ഞില്ലാതായത്. 189 ൽ ക്രുണാലിനെ റബാഡയുടെ പന്തിൽ സായ് സുദർശൻ പിടിച്ചു പുറത്താക്കിയെങ്കിലും, പിന്നീട് പടിക്കലിന്റെ ഒറ്റയാൾ പോരാട്ടമാണ് കണ്ടത്. ക്രുണാൽ പുറത്തായതിന് പിന്നാലെ ടീം ടോട്ടലിൽ ചേർത്ത 65 ൽ ഏറിയ പങ്കും പടിക്കലിന്റെ തന്നെയായിരുന്നു. ടിം ഡേവിഡ് (4), ജിതേഷ് ശർമ്മ (15) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റർമാരുടെ സംഭാവന. ഗുജറാത്ത് ബൗളർമാരിൽ റബാൻഡയും ഹോൾഡറും രണ്ട് വീതവും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംങിൽ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സായ് സുദർശനൊപ്പം ഗുജറാത്തിന്റെ ദൗർഭാഗ്യവും തുടങ്ങി. ടീം സ്‌കോർ 17 ൽ നിൽക്കെ ഡഫിയെ തുടർച്ചയായ രണ്ടാം ഫോറടിച്ചെങ്കിലും സുദർശന്റെ കയ്യിൽ നിന്നും തെറിച്ച ബാറ്റ് വന്നിടിച്ചത് സ്റ്റമ്പിലായിരുന്നു. ഹിറ്റ് വിക്കറ്റായി സായ് സുദർശൻ(14) പുറത്ത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഗില്ലിനെ (2) ക്ലീൻ ബൗൾഡ് ചെയ്ത് ഭുവനേശ്വറിന്റെ ക്ലിനിക്കൽ ആക്ഷൻ. സ്‌കോർ ഒറ്റയ്ക്ക് ഉയർത്തിയ ബട്‌ലറെ (29) ഹൈസൽ വുഡ് ക്ലീൻ ബൗൾഡ് ചെയ്തതോടെ ഗുജറാത്ത് ഞെട്ടി.
പിന്നീട് സിന്ധു (5), ഹോൾഡർ (0) വാഷിംങ്ടൺ സുന്ദർ (8), റാഷിദ് ഖാൻ (8), റബാൻഡാ (9) എന്നിവരെല്ലാം ഒന്നിന് പിന്നാലെ ഒന്നായി പവലിയനിൽ മടങ്ങിയെത്തിയതോടെ 88 ന് എട്ട് എന്ന നിലയിൽ ഗുജറാത്ത് തകർന്നു. പിന്നീട് ഒരു വശത്ത് ഉറച്ചു നിന്നു പോരാടിയ തിവാത്തിയയാണ് ടീമിനെ ഭേദപ്പെട്ട നിലയിലേയ്ക്ക് എത്തിച്ചത്. ഒടുവിൽ ഗുജറാത്ത് ടീം സ്‌കോർ 156 ൽ നിൽക്കെ തിവാത്തിയയെ (68) ഭുവി ക്യാപ്റ്റൻ പടിദാറിന്റെ കയ്യിൽ എത്തിച്ചു. ഇതോടെ ഗുജറാത്ത് തോൽവിയുടെ വരമ്പിലെത്തി. അവസാന വിക്കറ്റായി മുഹമ്മദ് സിറാജ് (5) കൂടി വീണതോടെ ആധികാരിമായി ബാംഗ്ലൂർ ഫൈനലിലേയ്ക്കു മാർച്ച് ചെയ്തു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ബാംഗ്ലൂർ ഉയർത്തിയ 254 ന് എതിരെ 162 ന് ഗുജറാത്തിന്റെ എല്ലാവരും പുറത്തായി. ബാംഗ്ലൂരിനു വേണ്ടി ഡഫി മൂന്നും, ഭുവനേശ്വറും ക്രുണാലും റസ്‌കിനും രണ്ട് വിതം വിക്കറ്റും ഹൈസൽ വുഡ് ഒരു വിക്കറ്റും വീഴ്ത്തി.


