വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ചരിത്ര നേട്ടം ; 18 മാസത്തിനുള്ളിൽ കൈകാര്യം ചെയ്തത് 20 ലക്ഷം ടിയുഇ ചരക്കുകൾ 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച്‌ 18 മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചു. സാധാരണയായി ഉപയോഗിക്കുന്ന 20 അടി നീളമുള്ള ഒരു സ്റ്റാൻഡേർഡ് ഷിപ്പിംഗ് കണ്ടെയ്നറിന് സമമാണ് ഒരു ടിഇയു. ഇതോടെ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറി.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയില്‍ അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ നിർമിച്ച്‌ പ്രവർത്തിപ്പിക്കുന്ന തുറമുഖം 2024 ഡിസംബറില്‍ ആണ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.

Advertisements

2025 മേയില്‍ രാജ്യത്തിന് സമർപ്പിച്ചു. 2025 ഓഗസ്റ്റില്‍ തന്നെ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടവും കൈവരിച്ചതായി അധികൃതർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ആഴക്കടല്‍ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്ന് വരുന്നതും, തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രവർത്തന കാര്യക്ഷമത, തന്ത്രപ്രധാനമായ സ്ഥാനം എന്നിവയില്‍ ആഗോള ഷിപ്പിംഗ് കമ്പനികള്‍ വിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനമെന്നും അധികൃതർ പറയുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍, സപ്ലൈ ചെയിൻ തടസങ്ങള്‍, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ എന്നിവയ്ക്കിടയിലാണ് വിഴിഞ്ഞത്തിന്റെ ഈ നേട്ടം. പ്രവർത്തനം ആരംഭിച്ചതിന് ശേഷം 950-ത്തിലധികം കപ്പലുകളെയാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതില്‍ 400 മീറ്റർ നീളമുള്ള 67 അള്‍ട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉള്‍പ്പെടുന്നു. ഇതും ഇന്ത്യയിലെ റെക്കോർഡ് ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായി അറിയപ്പെടുന്ന എം എസ് സി ഐറിന ഇന്ത്യയിലെത്തിയ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ് സി വേറോണ എന്നിവയും വിഴിഞ്ഞത്ത് നങ്കൂരമിട്ടു. അടുത്ത തലമുറയിലെ വമ്പൻ കണ്ടെയ്നർ കപ്പലുകള്‍ക്ക് സേവനം നല്‍കാനും അവയെ സ്വീകരിക്കാനും ഉള്ള കഴിവ് വിഴിഞ്ഞത്തെ, ലോകത്തിലെ തിരഞ്ഞെടുത്ത തുറമുഖങ്ങളിലൊന്നാക്കി ഉയർത്തുന്നു. അന്താരാഷ്ട്ര ഷിപ്പിംഗ് പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള സ്ഥാനം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങള്‍ക്കിടയിലെ ആഗോള വ്യാപാര ഗതാഗതത്തിന് വിഴിഞ്ഞത്തിന് വലിയ ഭൂമിശാസ്ത്രപരമായ മുൻതൂക്കം നല്‍കുന്നു. ഏകദേശം 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതിനാല്‍ വലിയ കപ്പലുകള്‍ക്ക് ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താൻ കഴിയും. ഇത് പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും ടേണ്‍അറൗണ്ട് സമയം കുറയ്ക്കുകയും ചെയ്യുന്നു.

ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരമായ ഷിപ്പിംഗ് സർവീസുകളും വിഴിഞ്ഞത്തില്‍ നിന്ന് ലഭ്യമാണ്. ഇത് കണ്ടെയ്നർ ഗതാഗതം വേഗത്തിലാക്കുകയും ആഗോള സമുദ്ര വ്യാപാര ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രധാന ആഗോള ഷിപ്പിംഗ് പാതകളോട് അടുത്തുള്ളതിനാല്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് യാത്രാസമയവും ഇന്ധനച്ചെലവും ലാഭിക്കാനാകുന്നു. ചരക്ക് കൈകാര്യം ചെയ്യുന്നതിലെ ഈ അതിവേഗ വളർച്ച, ട്രാൻസ്‌ഷിപ്പ്‌മെന്റ് ചരക്കുകള്‍ക്കായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ അവസ്ഥ കുറയ്ക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യയുടെ വലിയൊരു വിഹിതം ട്രാൻസ്‌ഷിപ്പ്‌മെന്റ് ചരക്കുകള്‍ വിദേശ ഹബ്ബുകളിലൂടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ വിഴിഞ്ഞത്തിന്റെ അതിവേഗ വളർച്ച ഇന്ത്യയ്ക്ക് ഈ ചരക്കുകളുടെ കൂടുതല്‍ വിഹിതം രാജ്യത്തിനകത്ത് തന്നെ നിലനിർത്താനും, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്ഥാപിത ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബുകളോട് മത്സരക്ഷമത വർധിപ്പിക്കാനും സഹായകരമാകും. ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2028-ഓടെ ഇത് പൂർത്തിയാകും. ഇതിലൂടെ കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന ശേഷി ഗണ്യമായി വർധിക്കുകയും സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട് പ്രവർത്തനങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും. അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍സ് അടുത്തിടെ ഒരു വർഷത്തിനുള്ളില്‍ 500 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ സംയോജിത ഗതാഗത ഓപ്പറേറ്ററായി മാറിയിരുന്നു.

Hot Topics

Related Articles