ബംഗളൂരു: കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാർട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികള്‍ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ മൂന്നിന് വൈകിട്ട് നാലുമണിക്ക് ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു. ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ഡി കെ ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയില്‍ പാർട്ടി കൂടുതല്‍ ശക്തമാകും. മന്ത്രിസഭാ പുനസംഘടനയില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വ്യക്തമാക്കിയ വേണുഗോപാല്‍, 2028 ല്‍ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സി എല്‍ പി യോഗം തീരുമാനിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്‍റെ പേര് ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് വിധാൻ സൗധയില്‍ ചേർന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി (സി എല്‍ പി) യോഗം ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. യോഗത്തില്‍ സിദ്ധരാമയ്യയാണ് ഡി കെയുടെ പേര് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വരയാണ് പിന്താങ്ങിയത്. സി എല്‍ പി യോഗത്തിന്റെ തീരുമാനം ഉടൻ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കുമെന്നും തുടർന്ന് ഹൈക്കമാൻഡാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. സി എല്‍ പി യോഗത്തില്‍ സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയം ഡി കെ ശിവകുമാർ അവതരിപ്പിച്ചു.


