തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ്. വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയില്‍ വൈകുന്നേരം 6.30-നാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ എത്തിയ ഏഴാം അതിഥി. മഴ പോലെ വന്ന കുഞ്ഞിന് ‘മേഘ്മല്‍ഹാർ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു. മഴ ആഗ്രഹിച്ച് പാടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ രാഗമാണ് മേഘ്മല്‍ഹാർ.
ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ സമിതി ആസ്ഥാനത്ത് ഉള്ള സമയത്താണ് തൊട്ടിലില്‍ നിന്ന് നഴ്സിംഗ് സ്റ്റേഷനിലും സുരക്ഷാ ക്യാബിനിലും പുതിയ അതിഥിയുടെ വരവറിയിച്ച് അലാറം മുഴങ്ങിയത്. ഒപ്പം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള മോനിട്ടറില് ചോരക്കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയതിൻ്റെ ചിത്രവും തെളിഞ്ഞു. ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരും സംരക്ഷണ ചുമതലയുണ്ടായിരുന്നവരും ഓടിയെത്തി കുരുന്നിനെ ശിശു പരിചരണ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോള്‍ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 മെയ് മാസം മുതല്‍ മൂന്ന് വർഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകള്‍ വഴി മാത്രം സമിതിയുടെ പരിചരണത്തിലേക്ക് 106 കുട്ടികളാണ് എത്തിയതെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ആണ്- 64 പേർ. കുറവ് പത്തനംതിട്ടയിലും- ഒരാള്‍. കൊല്ലം 4, ആലപ്പുഴ 11, എറണാകുളം 2, കോട്ടയം 7, തൃശൂർ 6, കോഴിക്കോട് 8, കാസറഗോഡ് 2 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. ഈ കാലയളവില്‍ വിദേശത്തും സ്വദേശത്തുമായി 233 കുട്ടികളെയാണ് ദത്ത് നല്‍കിയത്. സ്വദേശം 206, വിദേശം 27. ഏറ്റവും കൂടുതല്‍ പേർ കടല്‍ കടന്നത് ഇറ്റലിയിലേക്കാണ്- 10 പേർ. മറ്റുള്ളവർ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു. എ. ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കും ദത്ത് പോയി.
സംസ്ഥാനത്ത് സമിതിയുടെ കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ദത്തെടുക്കല്‍ ശിശുപരിചരണ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വീട് ബാലികാ മന്ദിരം, വയനാട് ഗേള്‍സ് എൻട്രി ഹോം എന്നിവടങ്ങളിലായി 285 കുട്ടികളാണ് പരിചരണയിലുള്ളത്. മേഘ്മല്ഹാറിൻ്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.


