തലയോലപറമ്പ്: ദൃശ്യം മോഡൽ കൊല പാതകത്തിൽ കോടതി പ്രതിയെ വിട്ടയച്ച സംഭവത്തിൽ അപ്പീൽ നൽകുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് കൊല്ലപ്പെട്ട തലയോലപറമ്പ് കാലായിൽ മാത്യുവി (44)ൻ്റെ മൂത്ത മകൾ നൈസി. ഇസ്രായേലിൽ ജോലി ചെയ്യുന്ന നൈസി അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. അവധി തീർന്ന് അടുത്ത ദിവസം മടങ്ങാനിരുന്ന സമയത്താണ് ഒട്ടും തൃപ്തികരമാകാത്ത വിധി വന്നതെന്ന് നൈസി പറഞ്ഞു. കഴിഞ്ഞ 10വർഷത്തിനിടയിൽ ജഡ്ജിമാരും പ്രോസിക്യൂട്ടർമാരും മാറി വന്നു. പ്രതിയുടെ കുറ്റസമ്മതവും തെളിവുകളും ഉണ്ടായിട്ടും ശിക്ഷ ലഭിക്കാതിരുന്നത് ഞെട്ടിച്ചു. ദൃശ്യം സിനിമയിലേത് പോലെ തങ്ങൾക്ക് നീതി കിട്ടിയില്ല. കേസുകൾ തീർപ്പാകാൻ കാലവിളംബം ഉണ്ടാകുന്നതാണ് നീതി പൂർവമായവിധികൾ ഉണ്ടാകാത്തതിന് കാരണം. കേസിൻ്റെ വിധി വരികയാണെന്ന് തങ്ങൾക്ക് ഒരു അറിയിപ്പും ലഭിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിധി അറിഞ്ഞത് നീതി ലഭിക്കാത്തതിനാൽ അപ്പീൽ നൽകുന്ന കാര്യം ഏറെ ഗൗരവത്തിൽ ആലോചിച്ചുവരികയാണെന്നും നൈസി പറഞ്ഞു.
2008 നവംബർ 25ന് രാത്രി 10നുശേഷം മാത്യുവിനെ കൊലപ്പെടുത്തി പ്രതിയുടെ കടമുറിയുടെ പിൻഭാഗത്ത് കുഴിച്ചുമൂടിയെന്നും അവിടെ പിന്നീട് പുതിയ കെട്ടിടം നിർമിച്ച് തെളിവ് നശിപ്പിച്ചെന്നായിരുന്നുകേസ്. കള്ളനോട്ട് കേസിൽ ഗുജറാത്തിലെ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി സഹ തടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് കൊല പാതക വിവരം പുറത്തറിയുന്നത്.2016 ഡിസംബർ 12ന് പ്രതി അനീഷ് അറസ്റ്റിലായി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്യുവിൻ്റെ അസ്ഥികൾ പ്രതി നടത്തിയിരുന്ന കടയുടെ പിൻഭാഗത്തു നിന്ന് കണ്ടെടുത്തു. ഡി എൻ എ പരിശോധനയിലും അസ്ഥികൾ മാത്യുവിൻ്റേതാണെന്ന് തെളിഞ്ഞിരുന്നു. ദൃശ്യം റിലീസാകുന്നതിന് അഞ്ച് വർഷം മുമ്പു നടന്ന കൊലപാതകം പിന്നീട് ദൃശ്യം മോഡൽ കൊലയെന്ന് അറിയപ്പെട്ടു
തലയോലപ്പറമ്പിലെ ദൃശ്യം മോഡൽ കൊല പാതകം : പ്രതിയെ കോടതി വിട്ടയച്ചു ; അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുന്നതായി ഇരയുടെ മകൾ നൈസി

Advertisements

