ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. കൊടും ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹം പാർലമെന്റില്‍ വായിച്ചു. സ്വതന്ത്ര അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ലോകം അറിയണമെന്നും ഇനിയെങ്കിലും ജനപ്രതിനിധികള്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്യാങ്ങുകള്‍ക്ക് പാക് പശ്ചാത്തലമുണ്ടെന്നാണ് എംപി പറയുന്നത്.
ആസൂത്രിതമായ ലൈംഗിക അതിക്രമം, അതിക്രൂരമായ ആക്രമണം, പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ എന്നിവയെ കുറിച്ച് അതിജീവിതകളുടെ വെളിപ്പെടുത്തലാണ് മന്ത്രി പാർലമെന്റില്‍ വായിച്ചത്. റൂപർട്ട് ലോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വർഷം നടന്ന സ്വതന്ത്ര അന്വേഷണത്തില്‍ യുകെയിലെ 85-ലധികം പ്രദേശങ്ങളില്‍ ഗ്യാങ്ങുകള്‍ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ മാഫിയകളില്‍ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ള പുരുഷന്മാരാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിജീവിതകളുടെ മൊഴികള്‍
താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് ഒരു അതിജീവിതയുടെ വാക്കുകള്‍ പാർലമെന്റിനെ ആകെ ഉലയ്ക്കുന്നതായിരുന്നു- “അയാള്‍ എന്നെ പീഡിപ്പിച്ചു. അതിനുശേഷം ഒരു ഒഴിഞ്ഞ മദ്യക്കുപ്പി ശരീരത്തിലേക്ക് ബലമായി കയറ്റി. അന്ന് എനിക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം”. മറ്റൊരു പെണ്‍കുട്ടി പറഞ്ഞതിങ്ങനെ- “നിരവധി പുരുഷന്മാർ ചേർന്ന് എന്റെ കൈകാലുകള്‍ പിടിച്ചുവച്ച് ബലാത്സംഗം ചെയ്തു. ആക്രമണത്തിന് ശേഷം അവർ എന്നെ ക്രൂരമായി മർദ്ദിച്ചു. ആരോടെങ്കിലും ഇത് പറഞ്ഞാല്‍ എന്നെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി”
യുകെ പൊലീസിനെതിരെയും ചില അതിജീവിതകള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ച കൂട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് ഒരു പെണ്‍കുട്ടി വെളിപ്പെടുത്തി. മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്, തന്റെ 13-ാം വയസ്സില്‍ തുടങ്ങിയ പീഡനം മൂന്ന് വർഷത്തോളം നീണ്ടുനിന്നെന്നും അറുന്നൂറോളം പുരുഷന്മാർ തന്നെ പീഡിപ്പിച്ചെന്നുമാണ്. പതിനഞ്ചോളം പെണ്‍കുട്ടികളെ കൂട്ടിലടച്ച നിലയില്‍ കണ്ടെന്ന് മറ്റൊരു യുവതി വെളിപ്പെടുത്തി.
പെണ്‍കുട്ടികളെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി, ഭീഷണിപ്പെടുത്തി ദീർഘകാലം ചൂഷണം ചെയ്യുന്നതിനെയാണ് ‘ഗ്രൂമിങ് ഗ്യാങ്സ്’ എന്ന് വിളിക്കുന്നത്. റോഥർഹാം, റോച്ച്ഡേല്‍, ഓള്‍ഡ്ഹാം തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം മാഫിയകളെ കണ്ടെത്തിയെന്നാണ് സ്വതന്ത്രാന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. ഈ വിഷയത്തില്‍ തങ്ങള്‍ നടത്തിയ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് റൂപർട്ട് ലോ പ്രസംഗം അവസാനിപ്പിച്ചത്.


