ധാക്ക: പാകിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്ട്രേലിയക്ക് കൂറ്റൻ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മൊസദെക് ഹൊസൈന്‍റെയും തന്‍സിദ് ഹസന്‍റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍191 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം മത്സരം ഉപേക്ഷിച്ചു.പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് 86 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. കൂപ്പര്‍ കൊണോലി 35ഉം അലക്സ് ക്യാരി 47 ഉം റണ്‍സെടുത്തു. ബംഗ്ലാദേശിനായി നാലു വിക്കറ്റെടുത്ത നാഹിദ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും മൊസദെക് ഹൊസൈനും ബൗളിംഗില്‍ തിളങ്ങി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 284-8, ഓസ്ട്രേലിയ 42.2 ഓവറില്‍ 191/9.


