കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പുല്ലാട്ട് കെ. ശിവരാമൻ – ഭാർഗവി ദമ്പതികളുടെ മകനായ രാജേഷ്‌കുമാർ (48) ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ചികിത്സാ സഹായം തേടുന്നു. ദീർഘനാളായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മുൻ മേധാവിയും കാരിത്താസ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിൽ രാജേഷ്‌കുമാർ ക്രോണിക് കിഡ്നി ഡിസീസ് സ്റ്റേജ്-5 (CKD Stage 5) രോഗബാധിതനാണെന്നും ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ഭാര്യയും നാലുവയസ്സുകാരനായ മകനും ഉൾപ്പെടുന്ന നിർധന കുടുംബത്തിന് ഈ തുക കണ്ടെത്തുക ദുഷ്കരമായിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മേയ് 16-ന് ചേർന്ന സർവകക്ഷിയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജീനാ സിറിയക് ചെയർമാനായും വാർഡ് മെമ്പർ തോമസ് ആൽബർട്ട് ജനറൽ കൺവീനറായും രാജേഷ്‌കുമാർ ചികിത്സാ സഹായനിധി ജനകീയ കമ്മിറ്റി രൂപീകരിച്ചു. വാർഡ് തല സബ്കമ്മിറ്റികൾ രൂപീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ധനസമാഹരണത്തിന്റെ ഭാഗമായി ജൂൺ 14 ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്നദ്ധപ്രവർത്തകർ എത്തി സഹായം അഭ്യർത്ഥിക്കും. രാജേഷ്‌കുമാറിന്റെ ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ പൊതുജനങ്ങളുടെ ഉദാരമായ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീനാ സിറിയക്, വാർഡ് മെമ്പർ തോമസ് ആൽബർട്ട്, രാജേഷ് പുല്ലാട്ട് എന്നിവരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വയലാ-നെല്ലിക്കുന്ന് ശാഖയിൽ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
രാജേഷ്‌കുമാറിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ജനകീയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇരുവൃക്കകളും തകരാറിലായി; രാജേഷ്‌കുമാറിനായി നാടൊന്നിക്കുന്നു

Advertisements

