സ്‌കൂള്‍ കുട്ടികള്‍ക്ക് ആര്‍ത്തവാവധി; ശാസ്ത്രീയപഠനം അനിവാര്യം

കോട്ടയം : ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് 3 ദിവസം ആര്‍ത്തവാവധി നല്‍കുമെന്ന പ്രഖ്യാപനമുണ്ട്. അവര്‍ക്ക് പഠനപിന്തുണ ആഴ്ചയുടെ അവസാനനാളില്‍ നല്‍കുമെന്നും പരാമര്‍ശമുണ്ട്. ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നാമെങ്കിലും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഘടക ങ്ങളെല്ലാം പരിഗണിക്കുകയാണെങ്കില്‍ അത്രമാത്രം ലളിതമല്ലെന്ന് വ്യക്തമാകും. സര്‍ക്കാര്‍തലത്തില്‍ തീരുമാനമാകുന്നതിനുമുമ്പേ ഇത്തരം കാര്യങ്ങള്‍ ജനകീയസംവാദത്തിന് വിധേയമാക്കുന്നത് സ്വാഗതാര്‍ ഹമാണ്. കേരളീയസമൂഹത്തില്‍ ജെന്‍ഡര്‍ അവബോധം വളര്‍ത്താന്‍ സഹായകമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇത് ഇടവച്ചേക്കാം.
സാമൂഹികമായി ബോധ്യപ്പെടേണ്ട അംശങ്ങളുള്ളതിനാല്‍ ഇതിന്റെ വിവിധ മാനങ്ങളും അനുരണന ങ്ങളും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും സാമൂഹികമായും പരിശോധിക്കേണ്ടതുണ്ട്. പെണ്‍കുട്ടി കള്‍ ശാരീരിക പരിമിതികളുള്ളവരാണെന്നും അതുകൊണ്ടുതന്നെ ലിംഗസമത്വം സാധ്യമല്ലായെന്നും അഭിപ്രായമുള്ള സാമ്പ്രദായികവാദികള്‍ക്ക് ശക്തിപകരുന്ന ഒന്നായി ഇത്തരം തീരുമാനങ്ങള്‍ മാറാതെ നോക്കേണ്ടതുമുണ്ട്.
അങ്ങനെ പരിശോധിക്കുമ്പോള്‍ കുട്ടിയുടെ വ്യക്തിത്വം, അന്തസ്സ് (റശഴിശ്യേ), ആരോഗ്യം, സ്വകാര്യത, സുരക്ഷിതത്വം, രക്ഷിതാക്കള്‍ അതില്‍ത്തന്നെ അമ്മമാരുടെ ചുമലില്‍ വന്നുപതിക്കുന്ന അധിക ഉത്തര വാദിത്വം, കുട്ടിയുടെ തുല്യവിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാനിടയാക്കുന്ന സാഹചര്യം, മറ്റു അക്കാദമികമാനങ്ങള്‍, നിലവിലുള്ള സംവിധാനത്തെ ഈ തീരുമാനം എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടിയുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും പഠനത്തെയും ബാധിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച ഏതു തീരുമാനങ്ങളും അവധാനതയോടെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ച് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി മാത്രം കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ആര്‍ത്തവം ഒരു രോഗമല്ലെന്നും അതൊരു സാധാരണ ജൈവികപ്രക്രിയയാണെന്നുമുള്ള അവബോധം കേരളീയസമൂഹത്തിന്റെ പൊതുബോധമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. മുന്‍കാലങ്ങളില്‍ ഇതു സംബന്ധിച്ച് പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നു. അതിന്റെ ഭാഗമായി ആര്‍ത്തവസമയത്ത് വീട്ടിനകത്ത് കയറാന്‍പോലും വിലക്കുണ്ടായിരുന്നു. ആര്‍ത്തവമെന്നത് വിവേചനത്തിന്റെ ചിഹ്നമായിപ്പോലും കരുതിയിരുന്ന ഒരുസമൂഹം ഒരുകാലത്ത് ഇവിടെയും ഉണ്ടായിരുന്നു വെന്നത് കാണാതിരുന്നുകൂടാ. ഈ ധാരണകളെല്ലാം പൂര്‍ണ്ണമായും മാറിയെന്ന് പറയാറായിട്ടില്ല. കേരള ത്തില്‍ ചില സമൂഹങ്ങളില്‍ അപൂര്‍വമാണെങ്കില്‍പ്പോലും ഇതെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ട്.
ആര്‍ത്തവസമയത്ത് ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇതിനെ സാമാന്യവല്‍ക്കരിച്ച് എല്ലാ കുട്ടികളും അങ്ങനെയാണെന്ന നിഗമനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അശാസ്ത്രീയമാണ്. പൊതുവെ താങ്ങാനാവാത്ത, ബുദ്ധിമുട്ടുകളുള്ള കുട്ടികള്‍ ഇപ്പോള്‍ത്തന്നെ ആ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാത്ത അവസ്ഥയുണ്ട്. കൂടാതെ, സ്‌കൂളില്‍ വന്നകുട്ടികള്‍ക്കുവേണ്ട പരിചരണങ്ങള്‍ സ്‌കൂളില്‍ത്തന്നെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കുന്നുമുണ്ട്. ഇതെല്ലാം സ്വാഭാവികമായി നടന്നുവരുന്ന കാര്യങ്ങളാണ്. അപ്പര്‍ പ്രൈമറി പ്രായത്തിലുള്ള കുട്ടികള്‍ ഇക്കാര്യം പരസ്യമായി മറ്റുള്ളവരറിയാന്‍ ആഗ്രഹിക്കാത്തവരാകും. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി സ്‌കൂള്‍ സംവിധാനങ്ങളുടെ സങ്കുചിത താല്‍പര്യ ങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് അവധിയെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യമുണ്ടാക്കുന്നത് അവരുടെ സ്വകാര്യതയെ മാത്രമല്ല, വ്യക്തിത്വത്തെയും അന്തസ്സിനെയും ബാധിക്കാനിടയുണ്ടോ എന്ന കാര്യം പഠിക്കേണ്ടതുണ്ട്. ഒരുതരത്തിലുമുള്ള ലൈംഗികവിദ്യാഭ്യാസവും കുട്ടികള്‍ക്ക് നല്‍കരുതെന്ന് വാദിക്കുന്ന സാമ്പ്രദായികതാവാദികള്‍ പ്രബലമായ കേരളത്തില്‍, സര്‍ക്കാരുകള്‍ വിചാരിച്ചാല്‍പ്പോലും കൗമാരപ്രായത്തിന്റെ സവിശേഷതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിനിമയംചെയ്യാന്‍ കഴിയാത്ത സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ മുന്നനുഭവങ്ങള്‍ നമുക്കുണ്ട്. അണുകുടും ബങ്ങളില്‍ പൊതുവെ ലൈംഗികവിദ്യാഭ്യാസത്തിനുതകുന്ന ചര്‍ച്ചകള്‍ വേണ്ടത്ര നടക്കുന്നതുമില്ല. അതുകൊണ്ടുതന്നെ, കുട്ടികള്‍ കൗമാരത്തിലുണ്ടാകുന്ന ശാരീരികമാറ്റങ്ങളും മറ്റും സമപ്രായക്കാരോട് ചര്‍ച്ചചെയ്താണ് മനസ്സിലാക്കുന്നത്. വിവിധങ്ങളായ കാരണങ്ങളാല്‍ കുട്ടികളെ സംബന്ധിച്ച് പകല്‍ സമയം ഏറ്റവും സുരക്ഷിതമായ ഇടം സ്‌കൂളുകള്‍ തന്നെയല്ലേ? 10 വയസ്സുമുതലുള്ള സ്‌കൂള്‍ കുട്ടികളും 18 വയസ്സിനു മുകളില്‍ പ്രായമുള്ള കോളേജില്‍ പഠിക്കുന്ന കുട്ടികളും ഇതുസംബന്ധിച്ച അറിവിന്റെയും ധാരണയുടെയും കാര്യത്തില്‍ വളരെ വ്യത്യസ്തരല്ലേ? അതുകൊണ്ടുതന്നെ, സ്‌കൂള്‍ വിദ്യാര്‍ഥികളുമായി കോളേജില്‍ പഠിക്കുന്ന കുട്ടികളെ ഏതെങ്കിലുംതരത്തില്‍ താരതമ്യംചെയ്യാന്‍ കഴിയുമോ?
ആര്‍ത്തവവേളയില്‍ കുട്ടികള്‍ക്ക് സമൂഹത്തിന്റെ പ്രത്യക്ഷമായതോ പരോക്ഷമായതോ ആയ പരിഗണന ആവശ്യമുണ്ടെന്നും ആര്‍ത്തവകാല ആരോഗ്യസുരക്ഷ സാമൂഹിക ഉത്തരവാദിത്വമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മാസത്തില്‍ മൂന്നുദിവസം അവധി നല്‍കുകയെന്നത് ഒരു ശാശ്വതപരിഹാരമല്ല. വീട്ടില്‍ സ്വന്തമായി പരിചരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാവുന്നവര്‍ക്ക് മാത്രമാണ് അവധി നല്‍കുന്നതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. എന്നാല്‍, സ്വന്തമായി ആരോഗ്യപരിപാലന സൗകര്യ ങ്ങള്‍ ഒരുക്കാനാകാത്തവര്‍, താഴ്ന്നവരുമാനക്കാര്‍, മോശമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍, ജോലിസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് പെണ്‍കുട്ടികള്‍ ഒരു ജീവിത പ്രശ്‌നമായി മാറാന്‍ ഇടയാകില്ലേ? പ്രത്യേകിച്ച്, അണുകുടുംബങ്ങളില്‍ രക്ഷിതാക്കളെല്ലാവരും തൊഴിലിനു പോകുന്നവരാണെങ്കില്‍, കുട്ടികളുടെ ആര്‍ത്തവദിനങ്ങള്‍ അമ്മയുടെ ഉത്തരവാദിത്വമായി പരിമിതപ്പെ ടില്ലേ? ആര്‍ത്തവം ഒരു തുടര്‍പ്രക്രിയയെന്നനിലയില്‍, ജോലിനഷ്ടവും തദ്വാര സാമ്പത്തികവും മാനസികവുമായ പിരിമുറുക്കവും രക്ഷിതാക്കളില്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഒന്നില്‍ക്കൂടുതല്‍ പെണ്‍കുട്ടികളുള്ള രക്ഷിതാക്കളെക്കൂടി നാം പരിഗണിക്കേണ്ടതില്ലേ? സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശങ്ങളെല്ലാം പെണ്‍മക്കളുള്ളതുകൊണ്ടു നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായേക്കാം എന്ന അഭിപ്രായത്തെ നിരാകരിക്കാന്‍ കഴിയുമോ?
സ്‌കൂളുകള്‍, കോളേജുകള്‍, തൊഴില്‍സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വനിതകള്‍ വന്നുപോകാ നിടയുള്ള പൊതുഇടങ്ങള്‍ തുടങ്ങി, എല്ലാ സ്ഥലങ്ങളിലും ആര്‍ത്തവ കാലഘട്ടത്തില്‍ ആരോഗ്യസുരക്ഷ യ്ക്കാവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. കേരളസര്‍ക്കാരിനും പ്രാദേശികസര്‍ക്കാരുകള്‍ക്കും അതിനിര്‍ണ്ണായകമായ ഉത്തരവാദിത്വം ഇക്കാര്യങ്ങള്‍ ഒരുക്കുന്നതിലുണ്ട്. ശുദ്ധജലമുള്ള, വൃത്തിയുള്ള ശുചിമുറികള്‍, നാപ്കിനുകളുടെ ലഭ്യത, നാപ്കിന്‍ കളയുന്നതിനുള്ള സംവിധാനങ്ങള്‍, വിശ്രമമുറികള്‍, ആവശ്യമെങ്കില്‍ വൈദ്യസഹായം തുടങ്ങിയവ യെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇതോടൊപ്പം, പൊതുജനങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ആര്‍ത്തവത്തെക്കുറിച്ചുള്ള അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും ദൂരീകരിക്കുന്നതിനായി ആര്‍ത്തവത്തിന്റെ ശാസ്ത്രത്തെ ക്കുറിച്ച് വ്യാപകമായി ക്ലാസുകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.
അവധി ഒരവകാശമായി മാറുന്നതുകൊണ്ട് അത്യാവശ്യമില്ലാത്തവര്‍പോലും അവധിയെടുക്കുന്ന തിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. മാത്രമല്ല, മാറിനില്‍ക്കാന്‍ സര്‍ക്കാര്‍തന്നെ പ്രേരിപ്പിക്കു ന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആര്‍ത്തവമെന്ന ജൈവികപ്രക്രിയയെക്കുറിച്ച് തെറ്റായ ധാരണകളുണ്ടാക്കാനും ഇടയാക്കും. പരിചരണം ആവശ്യമുള്ളവര്‍ക്ക് സ്‌കൂളുകളില്‍ത്തന്നെ സൗകര്യം ഒരുക്കുന്നതിലൂടെ സഹപാഠികള്‍ക്ക് ഈ ജൈവികപ്രക്രിയയെക്കുറിച്ച് മനസ്സിലാക്കുന്നതിനും സമൂഹം എങ്ങനെയാണ് ആ സമയത്ത് സ്ത്രീകളോട് പെരുമാറേണ്ടതെന്ന് പഠിക്കുന്നതിനും സഹായിക്കും.
ഇതിനെല്ലാം പുറമെ, അക്കാദമികമായ കാര്യങ്ങളും പരിഗണിക്കണം. ഒരുമാസത്തില്‍ മൂന്നുദിനം വച്ച് ഒരുവര്‍ഷത്തില്‍ മുപ്പത് പഠനദിനങ്ങള്‍വരെ പെണ്‍കുട്ടികള്‍ക്ക് ഇതുവഴി നഷ്ടപ്പെടാന്‍ ഇടയുണ്ട്. ആര്‍ത്തവം ഉണ്ടാകുന്നുവെന്നതുകൊണ്ടുമാത്രം ഇത്രയേറെ അക്കാദമികനഷ്ടമുണ്ടാകാനും കുട്ടിയുടെ തുല്യവിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടാനും ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടു ന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനനുയോജ്യമാണോ? ആഴ്ചയുടെ അവസാനനാളില്‍ പഠനപിന്തുണ നല്‍കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പല ദിവസങ്ങളിലായി അവധിയെടുക്കുന്ന കുട്ടികള്‍ക്ക് പഠന പിന്തുണാസംവിധാനം ഒരുക്കുകയെന്നത് അതീവ സങ്കീര്‍ണ്ണമായ അക്കാദമികകാര്യമാണ്. ആഴ്ചയുടെ അവസാനനാളില്‍ ആരാണ് പഠനപിന്തുണ നല്‍കുക? ഇത്തരം അക്കാദമികകാര്യങ്ങള്‍ ചെയ്യാന്‍ പൊതു വിദ്യഭ്യാസ സംവിധാനങ്ങള്‍ സജ്ജമാണോ? നിലവിലുള്ള സാഹചര്യങ്ങളില്‍ അധ്യാപകരെ അതിനായി പ്രേരിപ്പിക്കാന്‍ കഴിയുമോ? പഠനപിന്തുണാപരിപാടികളുടെ നടത്തിപ്പ് കാര്യക്ഷമമല്ലാതായാല്‍ പെണ്‍കുട്ടി കള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം പോകാനും ഇത് ഇടവരുത്തില്ലേ?
ഇത്തരം കാര്യങ്ങളെയെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട് ജെന്‍ഡര്‍ അവബോധപ്രചാരണത്തിനും ആര്‍ത്തവകാല ആരോഗ്യപരിപാലന സംവിധാനങ്ങളുടെ സജ്ജീകരണത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യസര്‍ക്കാരുകള്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

Advertisements

Hot Topics

Related Articles