അർബുദത്തോട് പൊരുതി ജീവിതത്തിനായി ബിജു; ഒരു മനുഷ്യജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു

കുറവിലങ്ങാട്: ജീവിതത്തിന്റെ വഴിയോരത്ത് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റിയിരുന്ന 44-കാരനായ ബിജു ജോസഫ് ഇന്ന് ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി അർബുദ രോഗത്തോട് പൊരുതുന്ന ബിജുവിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോർക്കുകയാണ്.

Advertisements

കുറവിലങ്ങാട് പള്ളിക്കവലയിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന കളത്തുവീട്ടിൽ മേൽപ്പുറത്ത് (തറയിൽ) ബിജു ജോസഫിന് 2023-ലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചേർപ്പുങ്കലിലെ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ നടത്തിയ പരിശോ .ധനയിലാണ് അർബുദം കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ച അദ്ദേഹം ഇപ്പോൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിജുവിന് ചികിത്സാ ചെലവുകൾ താങ്ങാനാകാതെ കുടുംബവിഹിതമായി ലഭിച്ച നാല് സെന്റ് ഭൂമി പോലും വിൽക്കേണ്ടി വന്നു. ഭാര്യ അനുവും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ജനീ ബിജുവും ഇപ്പോൾ വാടകവീട്ടിലാണ് കഴിയുന്നത്. 15 വർഷം മുമ്പ് പിതാവ് ജോസഫ് മരണപ്പെട്ടിരുന്നു. വാർധക്യത്തിലായ മാതാവ് അന്നമ്മയും കുടുംബത്തോടൊപ്പമുണ്ട്.

ഈ കുടുംബത്തിന്റെ വേദനയെ കൂടുതൽ ദുഃഖകരമാക്കുന്നത് ഒരേ കുടുംബത്തിലെ നിരവധി പേരെ അർബുദം കവർന്നെടുത്തതാണ്. ബിജുവിന്റെ സഹോദരി ബിന്ദു മൂന്ന് വർഷം മുമ്പ് കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. പിതാവിന്റെ സഹോദരൻ കുഞ്ഞ്, സഹോദരപുത്രൻ രാജു, പിതാവിന്റെ സഹോദരി ത്രേസ്യാമ്മ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ ഇതിനകം അർബുദം കവർന്നെടുത്തിട്ടുണ്ട്.

ഒരു കുടുംബത്തെ മുഴുവൻ അർബുദം തകർത്തപ്പോൾ, ബിജുവിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായി സമൂഹത്തിന്റെ കരുണയെയാണ് കുടുംബം ആശ്രയിക്കുന്നത്. സുഹൃത്തുക്കൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, പൊതുപ്രവർത്തകർ, അയൽവാസികൾ തുടങ്ങി നിരവധി പേർ സഹായനിധി സമാഹരിച്ച് ചികിത്സയ്ക്കായി കൈത്താങ്ങാകുകയാണ്.

വോയ്സ് ഓഫ് കുറവിലങ്ങാടിന്റെയും പള്ളിക്കവലയിലെ ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ കുറവിലങ്ങാട് ടൗണിൽ ഗാനമേള സംഘടിപ്പിച്ചും ചികിത്സാ സഹായം സമാഹരിച്ചു. ഒരു കുടുംബത്തിന്റെ കണ്ണീർ തുടയ്ക്കാനും ഒരു മനുഷ്യജീവൻ രക്ഷിക്കാനുമായി നന്മയുടെ കരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്.
ചികിത്സാ സഹായം നൽകാൻ ആഗ്രഹിക്കുന്നവർ കേരള ഗ്രാമീൺ ബാങ്ക് കാണക്കാരി ശാഖയിലെയും എസ്.ബി.ഐ കുറവിലങ്ങാട് ശാഖയിലെയും അക്കൗണ്ടുകളിലേക്ക് സഹായം അയയ്ക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
95629 42420

Hot Topics

Related Articles