ഇന്ത്യയില്‍ താമസിക്കുന്ന ഡോമിനിക പടാലസ് കല്‍റ എന്ന പോളിഷ് യുവതിയുടെ ഹൃദ്യമായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.താൻ മെഡിക്കല്‍ ഷോപ്പില്‍ മറന്നുവെച്ച മരുന്നുകള്‍ നാല് ദിവസത്തിന് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക്ക പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം തന്നെ സന്തോഷിപ്പിച്ചതായും അതിശയിപ്പിച്ചതായും ഡോമിനിക ഇൻസ്റ്റാഗ്രാമില്‍ ഷെയർ ചെയ്ത വീഡിയോയില്‍ പറയുന്നു.
ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയെങ്കിലും അത് ബാഗില്‍ വെക്കാൻ താൻ മറന്നുപോയതായി ഡോമിനിക പറയുന്നു. നാല് ദിവസത്തിന് ശേഷമാണ് അവർ കടയിലേക്ക് തിരിച്ചെത്തിയത്. ‘4 ദിവസങ്ങള്‍ക്ക് മുമ്പ് ഞാൻ ഒരു കെമിസ്റ്റില്‍ നിന്ന് കുറച്ച് മരുന്നുകള്‍ വാങ്ങി, പക്ഷേ അത് ബാഗില്‍ വെക്കാൻ മറന്ന് അവിടെത്തന്നെ വച്ചു. 4 ദിവസത്തിന് ശേഷം അവ ഇപ്പോഴും അവിടെയുണ്ടോ എന്ന് നോക്കാനായി ഞാൻ പോവുകയാണ്. ഇത് അവരുടെ തെറ്റല്ല, ഞങ്ങളാണത് എടുക്കാൻ മറന്നത്. അതിനാല്‍ അവ അവിടെയുണ്ടോ എന്ന് നോക്കാം’ വീഡിയോയില്‍ ഡോമിനിക്ക പറയുന്നത് കേള്‍ക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അവർ കടയില്‍ കയറി മരുന്നുകളെക്കുറിച്ച് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ പാക്ക് ചെയ്ത ഒരു പേപ്പർ ബാഗ്…’ എന്ന് അവർ ചോദിച്ചപ്പോള്‍ തന്നെ, ‘അതെ, അതെ, അതെ’ എന്ന് കടയുടമ മറുപടി നല്‍കി. പിന്നാലെ പാക്കറ്റ് അവർക്ക് നല്‍കി. പാക്കറ്റ് ലഭിച്ച ശേഷം അവർ നന്ദി പറഞ്ഞ് അതീവ സന്തോഷത്തോടെ കടയില്‍ നിന്ന് ഇറങ്ങുന്നതും കാണാം.
കടയ്ക്ക് പുറത്തിറങ്ങിയ ഡോമിനിക, മരുന്നുകള്‍ തനിക്കായി സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതില്‍ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞു. ‘എനിക്ക് എന്റെ മരുന്നുകള്‍ കിട്ടി. 4 ദിവസമായി അവ അവിടെ എനിക്കായി കാത്തിരിക്കുകയായിരുന്നു. ഇത് എന്നെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്നതാണ്. ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്, ഇത്രയധികം ജനസംഖ്യയുമുണ്ട്, എന്നിട്ടും 4 ദിവസത്തിന് ശേഷം ഞാൻ അവിടെ ചെന്നപ്പോള്‍ ഇവ അവിടെ കാത്തിരിപ്പുണ്ടായിരുന്നു, വാവ്’ അവർ പറഞ്ഞു.
‘ഇതിനാലാണ് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നത്. ഞാൻ കുറച്ച് മരുന്നുകള്‍ വാങ്ങി, അത് ബാഗില്‍ വെക്കാൻ മറന്ന് അവിടെ തന്നെ വച്ചിട്ട് പോന്നു. ഞാൻ നഗരത്തില്‍ ഇല്ലാതിരുന്നതിനാല്‍ 4 ദിവസത്തിന് ശേഷമാണ് അത് വാങ്ങാൻ പോയത്, ഇത് സംഭവിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിച്ചില്ല. എന്റെ മരുന്നുകള്‍ ഒരു വശത്ത് മാറ്റിവെച്ച് എനിക്കായി കാത്തിരിക്കുകയായിരുന്നു അവർ. ഇത്രയും വലിയ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതില്‍ ഞാൻ അത്ഭുതപ്പെടുന്നു’ എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


