തെരുവ്നായ പ്രശ്നം : അടാട്ട് മാതൃക സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ 

തെരുവ്നായ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി തൃശൂർ അടാട്ട് ​ഗ്രാമപഞ്ചായത്ത് കാവൽക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയെ അഭിനന്ദിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തെരുവിൽ ജനിക്കുന്ന നായ്ക്കുട്ടികളെ  സംരക്ഷിച്ച് അതിനെ ആളുകൾക്ക് ഏറ്റെടുക്കുവാൻ അവസരം ഒരുക്കുന്ന പദ്ധതി മാതൃകാപരമാണ്. തെരുവ്നായക്കളായി മാറാമായിരുന്ന അൻപതോളം നായക്കുട്ടികൾ ഇതിനോടകം ഓരോ കുടുംബങ്ങളുടെ ഭാ​ഗമായി. വിദ്യാർത്ഥികളെയടക്കം തെരുവ്നായ്ക്കൾ കടിച്ചുകീറുന്ന വാർത്തകൾ പതിവാകുമ്പോൾ ഇത്തരം പദ്ധതികൾ സംസ്ഥാനതലത്തിൽ ഏറ്റെടുക്കണം. വിദേശയിനം ബ്രീഡുകൾ വ്യാപകമായതോടെയാണ് നാട്ടിൽ നമ്മൊടൊപ്പം കഴിഞ്ഞിരുന്നവർ തെരുവ്നായ്ക്കളായി മാറിയത്. അഡോപ്ഷനുകൾ പ്രോത്സാഹിപ്പിക്കപ്പെട്ടാൽ കേരളം നേരിടുന്ന ​ഗുരുതരമായ പ്രശ്നത്തിന് പരിഹാരമാകുമെന്നും മലങ്കരസഭാധ്യക്ഷൻ കൂട്ടിച്ചേർത്തു. നവീകരിച്ച മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൂദാശാകർമ്മത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി സി.പി ജോൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് സഭാധ്യക്ഷൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

Advertisements

Hot Topics

Related Articles