യുവതയെ കേൾക്കണം; അവരിലാണ് നാടിന്റെ ഭാവി: ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ; നീറ്റ് പരീക്ഷ സമരത്തിന് പിന്തുണയുമായി ഓർത്തഡോക്സ് സഭ

കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഉയർത്തുന്ന ആശങ്കകൾക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിയണം. പുതുതലമുറയുടെ ഊർജ്ജസ്വലത തെരുവിൽ പാഴാക്കാനുള്ളതല്ല; മറിച്ച് അവരുടെ ചിന്താശേഷിയും സർഗ്ഗാത്മകതയും നാടിന്റെ വികസനത്തിനാണ് വിനിയോഗിക്കേണ്ടത്. എന്നാൽ, ദൗർഭാഗ്യവശാൽ ഇന്നത്തെ യുവത കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ്. ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്ന സങ്കടകരമായ കാഴ്ച്ചകൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെത്തന്നെ മുറിവേൽപ്പിക്കുന്നു. അതേസമയം പ്രതിഷേധങ്ങൾ അതിക്രമത്തിന്റെ പാതയിലേക്ക് പോകാതിരിക്കുവാൻ യുവസമൂഹവും ജാഗ്രതകാട്ടണം. ചോദ്യപേപ്പർ ചോർച്ച മാപ്പർഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് കഴിയണം.

Advertisements

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ പരീക്ഷാ റദ്ദാക്കലുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് മാനസികമായി തളർത്തിയത്. സ്വപ്നങ്ങൾ തകർന്ന് ആത്മഹത്യ ചെയ്ത പിഞ്ചുമക്കളും അവരുടെ കണ്ണീരണിഞ്ഞ കുടുംബങ്ങളും നമ്മുടെ മനസ്സാക്ഷിക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അറിവിന്റെ പുസ്തകത്താളുകളിൽ അഴിമതിയുടെ കറപുരളുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. വിദ്യാഭ്യാസ മേഖല പൂർണ്ണമായും സുതാര്യവും അഴിമതിരഹിതവുമാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തെ കേൾക്കാനും അനുഭാവപൂർവ്വം പരിഹരിക്കാനും അധികൃതർ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

-ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ
പ്രസിഡന്റ്, മാധ്യമവിഭാഗം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

Hot Topics

Related Articles