കോട്ടയം: എംസി റോഡിൽ പള്ളം മാവിളങ്ങിൽ ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശിയായ മഹേന്ദ്രൻ (മനു – 20) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സനീശനെ (20) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30 ഓടെ പള്ളം പോസ്റ്റ് ഓഫിസ് ജംഗ്ഷനു സമീപമായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പാൽ വണ്ടിയുമായി ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പൊലീസും ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മനുവിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ സനീശൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.




