കുവൈത്ത് ∶ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി സംഘടന പ്രതിനിധികളുമായും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഹ്രസ്വ യോഗത്തിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്ക് അനുമതി ഉറപ്പാക്കൽ, സേവനം കുറച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ നടപടി പിൻവലിക്കൽ, ഉത്സവസീസണുകളിലും യാത്രക്കാരുടെ തിരക്ക് കൂടുന്ന സമയങ്ങളിലും വിമാന നിരക്കുകൾ സ്വമേധയാ വർധിപ്പിക്കുന്ന പ്രവണതയെ നിയന്ത്രിക്കാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ നടത്തുക, കേരളത്തിൽ എസ്ഐആർ (SIR) നടപ്പാക്കുന്നത് ഒഴിവാക്കുക, പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകൾ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള ചെറിയ നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ്.
മുഖ്യമന്ത്രി മറുപടി നൽകുമ്പോൾ, സർക്കാരിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ഉറപ്പുനൽകി. എസ്ഐആർ വിഷയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്കും നടപ്പാക്കരുതെന്ന ഏകാഭിപ്രായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എയർ ഇന്ത്യ എക്‌സ്‌പ്രസുമായി നടത്തിയ ചർച്ചകളിൽ സർവീസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിങ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടപ്പിലായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനെതിരെ സർക്കാർ വീണ്ടും ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണെന്നും, പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വിവിധ മലയാളി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.


