തിരുവനന്തപുരം:ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച നടൻ മോഹൻലാലിനെ ആദരിക്കാൻ മുന്നോട്ട് വന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.2004ൽ തനിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള സ്വീകരണം ഒരുക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
“ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം എന്നത് സിനിമാ ലോകത്ത് ലഭ്യമായ ഏറ്റവും വലിയ ബഹുമതിയാണ്. മോഹൻലാലിന് ഈ ബഹുമതി ലഭിച്ചതിൽ ഞാൻ ഹൃദയപൂർവ്വം സന്തോഷിക്കുന്നു. ഇത്തരമൊരു അവസരത്തിൽ അദ്ദേഹത്തെ ആദരിക്കാൻ സർക്കാർ മുന്നോട്ട് വന്നത് അഭിനന്ദനാർഹമാണ്. എനിക്ക് ഈ ബഹുമതി ലഭിച്ചപ്പോൾ ഇത്തരം ഒരു സ്വീകരണം ഉണ്ടായിരുന്നില്ല,” — അടൂർ പറഞ്ഞു.‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മോഹൻലാലിനുള്ള ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എനിക്ക് ഇതുവരെ മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ അഭിനയ കഴിവിനെപ്പറ്റി എനിക്ക് അതീവ അഭിമാനമുണ്ട്. മോഹൻലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആ ജൂറിയുടെ അധ്യക്ഷൻ ഞാനായിരുന്നു. ആ കാര്യത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്,” — അടൂർ കൂട്ടിച്ചേർത്തു.


