കോട്ടയം: 700 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റൻ്റ് വിജിലൻസ് പിടിയിൽ. അയർക്കുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റൻ്റ് നസറുദീനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് സംഘം പിടികൂടിയത്. ലൊക്കേഷൻ സ്കെച്ച് വാങ്ങാനായി വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരൻ നിന്നും 700 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കോട്ടയം കിഴക്കൻ മേഖല വിജിലൻസ് യൂണിറ്റ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ബിനു ആറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് എതിരെ നടപടിയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ഉദ്യോഗസ്ഥൻ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിൽ ഇരുന്ന ആളാണ്. പ്രതിയെ നാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

