ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരം ലക്ഷ്യമിട്ട് ഇന്ത്യയുടെ മലയാളി ഓപ്പണർ സഞ്ജു സാംസണ് ദീർഘമായ നെറ്റ് പ്രാക്റ്റീസ് നടത്തി.അസുഖം ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയെയാണ് സഞ്ജു നെറ്റ്സില്‍ പ്രധാനമായും നേരിട്ടത്.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്റ്റർ അജിത് അഗാർക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു സഞ്ജുവിന്റെ പരിശീലനം. വയറിന് അസുഖമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിഷേക് ശർമയെ ഡിസ്ചാർജ് ചെയ്തെങ്കിലും, നമീബിയക്കെതിരേ കളിക്കാനാവുമോ എന്ന് മത്സരത്തിനു തൊട്ടു മുൻപേ അറിയാനാകൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസ്എക്കെതിരായ ആദ്യ മത്സരത്തില്‍ പനി അവഗണിച്ചാണ് അഭിഷേക് ബാറ്റ് ചെയ്യാനിറങ്ങിയത്. അതോടെ ആരോഗ്യസ്ഥിതി വഷളായി. ഫീല്‍ഡ് ചെയ്യാൻ സാധിക്കാതെ വന്നപ്പോള്‍ പകരം സഞ്ജുവാണ് ഫീല്‍ഡിലിറങ്ങിയത്.
നമീബിയയെ പോലൊരു ചെറിയ ടീമിനെതിരേ അഭിഷേകിന്റെ ആരോഗ്യകാര്യത്തില്‍ റിസ്ക് എടുക്കാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍, നഷ്ടപ്പെട്ട അവസരങ്ങളുടെ കണക്ക് തീർക്കാൻ സഞ്ജുവിന് ഒരു അപൂർവ അവസരം കൂടി വീണു കിട്ടിയേക്കും.
എന്നാല്‍, നമീബിയയെ പോലൊരു ടീമിനെതിരേ നാല്‍പ്പതോ അമ്പതോ റണ്‍സെടുക്കുന്നതൊന്നും സഞ്ജുവിന് തുടർന്നുള്ള മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ ഇടമുറപ്പിക്കില്ല. അസുഖം ഭേദമായാല്‍ അഭിഷേക് തന്നെയാകും സ്ഥിരം ഓപ്പണർ. സഞ്ജുവിന് നമീബിയക്കെതിരേ 80-100 റണ്‍സ് മതിക്കുന്ന പ്രകടമെങ്കിലും പുറത്തെടുക്കാൻ സാധിച്ചാല്‍, റിങ്കു സിങ്ങിന്റെ സ്ഥാനത്ത് ഒരുപക്ഷേ മധ്യനിരയില്‍ ഇടം പിടിക്കാൻ സാധിച്ചേക്കും. ഇഷാൻ കിഷൻ മൂന്നാം നമ്പറില്‍ മികവ് തെളിയിച്ചിട്ടുള്ളത് ഓപ്പണിങ് സ്ലോട്ടിലും സഞ്ജുവിന് വിദൂര സാധ്യത നല്കുന്നു.
സഞ്ജുവില്‍ ടീം മാനേജ്മെന്റിന് പ്രതീക്ഷ നഷ്ടമായിട്ടില്ലെന്നും, ആവശ്യം വന്നാല്‍ അവസരം ഉപയോഗിക്കാൻ സന്നദ്ധനായിരിക്കുകയാണ് വേണ്ടതെന്നും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റിയാൻ ടെൻ ഡസ്ചേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടക്കാലത്ത് മധ്യനിരയില്‍ കളിക്കാൻ നിർബന്ധിതനായതാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമില്ലായ്മയ്ക്കു കാരണമെന്ന പരോക്ഷ സൂചനയും ഡസ്ചേറ്റ് നല്‍കിയിരുന്നു. ഏതെങ്കിലും പരുക്കേറ്റാലോ, ഫോമില്ലാതെ വന്നാലോ സഞ്ജുവിനെ തന്നെയാകും പകരം ഉള്‍പ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരുക്ക് ഭേദമായ വാഷിങ്ടണ്‍ സുന്ദർ തിരിച്ചെത്തിയത് സഞ്ജുവിന്റെ സാധ്യത കുറയ്ക്കുന്നുമുണ്ട്. നമീബിയക്കെതിരായ ഒറ്റ മത്സരത്തിലേക്ക് അഭിഷേകിന്റെ പകരക്കാരനാകാൻ സഞ്ജുവിന്റെ ആവശ്യമില്ലെന്നു മാനേജ്മെന്റ് തീരുമാനിച്ചാല്‍ സുന്ദർ പ്ലെയിങ് ഇലവനിലെത്താം. അതേസമയം, ടീമില്‍ മറ്റ് റിസർവ് ഓപ്പണർമാരില്ല എന്നതും ശ്രദ്ധേയമാണ്.


