അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. വിരാട് കോഹ്ലി റണ്ണെടുക്കാതെ പുറത്തായ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനോട് തോറ്റത്. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് കൈമോശം വന്നു. സ്‌കോർ: ഇന്ത്യ : 264/9. ഓസ്‌ട്രേലിയ: 265/8.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. അഡ്‌ലെയ്ഡിൽ വിജയത്തിന്റെ ചരിത്രവുമായാണ് ഇന്ത്യ ഇന്ത്യ ബാറ്റിംങിന് ഇറങ്ങിയത്. കഴിഞ്ഞ കളിയിലെ അനുഭവം വച്ച് മെല്ലെയാണ് ഇന്ത്യ ബാറ്റിംങ് ആരംഭിച്ചതും. എന്നാൽ, ആറാം ഓവറിൽ ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടി. ഇന്ത്യൻ സ്‌കോർ 17 ൽ നിൽക്കെ ഒൻപത് റണ്ണുമായി ഗിൽ പുറത്ത്. രണ്ടാം മത്സരത്തിലും രണ്ടക്കം തികയ്ക്കാനാവാതെ പോയ ഗില്ലിനെ ബാർട്‌ലെറ്റിന്റെ പന്തിൽ മാർഷാണ് പുറത്താക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ സ്‌കോറിൽ തന്നെ വിരാടും പുറത്തായി. ബാർട്‌ലെറ്റിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് കോഹ്ലി വീണത്. പിന്നീട് രോഹിത് ശർമ്മയും ശ്രേയസ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ടാണ് കഴിഞ്ഞ മത്സരത്തിലെ തകർച്ചയ്ക്കു സമാനമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത്. 118 റൺ കൂട്ടിച്ചേർത്ത് 135 ലാണ് ഈ സഖ്യം പിരിഞ്ഞത്. 97 പന്തിൽ നിന്നും 73 റൺ എടുത്ത രോഹിത് ശർമ്മ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്റ്റാർക്കിന്റെ പന്തിൽ ഹൈസൽ വുഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
160 ൽ അയ്യരും മടങ്ങിയതോടെ കഴിഞ്ഞ മത്സരത്തിലെ തകർച്ച ഇന്ത്യൻ ക്യാമ്പ് ഭയപ്പെട്ടു. 77 പന്തിൽ 61 റണ്ണെടുത്ത് ഇന്ത്യൻ ബാറ്റിംങിന്റെ നെടുന്തൂണായി മാറിയ അയ്യരെ ആദം സാമ്പയാണ് ക്ലീൻ ബൗൾ ചെയ്തത്. 174 ൽ കെ.എൽ രാഹുലും, (11), 213 ൽ വാഷിംങ് ടൺ സുന്ദറും (12), അക്‌സർ പട്ടേലും (44), 226 ൽ നിതീഷ് കുമാർ റെഡിയും (8) വീണതോടെ ഇന്ത്യ 250 കടക്കുമോ എന്നായി ആശങ്ക. എന്നാൽ, വാലറ്റത്ത് ഹർഷിത് റാണയും (പുറത്താകാതെ 24), അർഷദീപ് സിംങും (13) നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ അവസാന ഓവർ വരെ എത്തിച്ചത്. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ അർഷദീപിനെ മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബൗൾ ചെയ്തു. ഇതോടെ മുഹമ്മദ് സിറാജ് ഒരു പന്ത് മാത്രം ബാറ്റ് ചെയ്ത് പുറത്താകാതെ നിന്നു. ആദം സാമ്പ നാലു വിക്കറ്റും, ബാർട്‌ലെറ്റ് മൂന്നു വിക്കറ്റും വീഴ്ത്തിയപ്പോൾ സ്റ്റാർക്ക് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംങിൽ കൃത്യമായ ഇടവേളകളിൽ ഓസീസ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ഓസീസ് സംഘത്തിന് വെല്ലുവിളി നൽകിയെങ്കിലും വിജയത്തിലേയ്ക്കു പിടിച്ചു കയറാനുള്ള കരുത്തുണ്ടായിരുന്നില്ല. സ്‌കോർ 30 ൽ നിൽക്കെയാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 11 റണ്ണെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷ് അർഷദീപിന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 54 ൽ ട്രാവിസ് ഹെഡിനെ വീഴ്ത്തിയ ഹർഷിത് റാണ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. വിരാട് ക്യാച്ചെടുത്ത് ഹെഡിനെ വീഴ്ത്തുമ്പോൾ 40 പന്തിൽ നിന്നും 28 റൺ മാത്രമായിരുന്നു സമ്പാദ്യം.
എന്നാൽ, റെൻഷോയും ഷോട്‌സും ചേർന്നുള്ള സഖ്യം ഓസീസിനെ നൂറ് കടത്തി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 30 റണ്ണെടുത്ത റെൻഷോയെ അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കുമ്പോൾ ഓസീസ് സ്‌കോർ 109 ൽ എത്തിയിരുന്നു. 132 ൽ അലക്‌സ് ക്യാരി (9) സുന്ദറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 187 ൽ ഇത് വരെ കളി നിയന്ത്രിച്ചിരുന്ന മാത്യു ഷോട്‌സ് വീണു. 78 പന്തിൽ 74 റണ്ണെടുത്ത ഷോട്‌സിനെ ഹർഷിത് റാണ മുഹമ്മദ് സിറാജിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
എന്നാൽ, മിച്ചൽ ഔണും (36), കൂപ്പർ കൊണോലിയും (പുറത്താകാതെ 61) ചേർന്ന് ഓസീസിനെ വിജയത്തിലേയ്ക്കു പറപ്പിക്കുകയായിരുന്നു. 246 ൽ മിച്ചൽ ഔണിനെ വാഷിംങ് ടൺ സുന്ദർ അർഷദീപിന്റെ കയ്യിൽ എത്തിച്ചു. വിജയത്തിന് 10 റൺ അകലെ ബാർട്‌ലെറ്റ് (3), മിച്ചൽ സ്റ്റാർക്ക് (4) എന്നിവരെ തുടരെ തുടരെ പുറത്താക്കിയെങ്കിലും ഇന്ത്യയ്ക്ക് വിജയം മാത്രം അകന്നു പിന്നു. 46 ആം ഓവറിന്റെ രണ്്ം പന്തിൽ കൂപ്പർ കണോലി ഓസീസിന് വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിതും, അർഷദീപും, സുന്ദറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. അക്‌സർ പട്ടേലും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് പിഴുതു. ഇതോടെ പരമ്പരയിൽ ഓസീസ് 2-0 ത്തിന് മുന്നിലെത്തി.


