അമേരിക്ക – ഇസ്രയേൽ സംഘർഷം: സ്കൂളിൽ കൊല്ലപ്പെട്ടത് 56 പെൺകുട്ടികൾ; ലോകത്തെ നടുക്കി ഇസ്രയേൽ-അമേരിക്കൻ മിസൈൽ വർഷം

മിനാബ്: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് കടന്നതോടെ എങ്ങും കണ്ണീർ കാഴ്ച. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ സ്കൂളിൽ മിസൈൽ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്കൂളിലെ മിസൈലാക്രമണത്തിൽ 56 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇറാൻ നൽകുന്ന വിവരം. ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പെൺകുട്ടികൾക്കായുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. 

Advertisements

മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. 60 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയിൽ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കൻ ഇസ്രയേൽ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച ഇറാൻ, തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ചു. അബുദാബി, റിയാദ്, മനാമ, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് ഇറാന്‍റെ തിരിച്ചടി. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇറാൻ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യു എന്‍ സുരക്ഷ കൗൺസിൽ ഇടപെടണം എന്ന് ഇറാൻ ആവശ്യപ്പെട്ടു.

അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് ഇറാന്‍റെ തിരിച്ചടി

അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 

പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. 

യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയടക്കം ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles