തിരുവനന്തപുരം: ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ രംഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത. എന്നാല്‍, അക്രമം ഇങ്ങനെ ഒന്നുമല്ലെന്നും സ്വരാജ് പറഞ്ഞു. അണപ്പൊട്ടി എത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്. ഏതെങ്കിലും അക്രമത്തിനെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല ഇടതു പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയപ്പെട്ട നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ ജനം ക്ഷുഭിതരാകുമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിനു നേരെയുള്ള ആക്രമണിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ ഡി പരിശോധന കോണ്‍ഗ്രസ് – ബിജെപി ഡീല്‍ ആണെന്നും തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് കാറുമായി പോയത്. ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സംഭവിച്ചത് കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ ഡി പരിശോധന നടന്നതെന്നും അദ്ദേഹം ചോദിച്ചു. ബിനീഷ് കോടിയേരിക്കെതിരായ എതിരായ ഇ ഡി അന്വേഷണത്തില്‍ അന്നത്തെ സാഹചര്യത്തിനനുസരിച്ചായിരുന്നു പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വി. ശിവന്‍കുട്ടി
ഇന്നലെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും പ്രതിഷേധമുണ്ടായപ്പോള്‍ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഈ ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങണമായിരുന്നു. പ്രതിഷേധ മാർച്ചുമായി പ്രവർത്തകർ എത്തി. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസിന് വീഴ്ച ഉണ്ടായി. പൊലീസ് പാർട്ടി ഓഫീസില്‍ റെയ്‌ഡ് ചെയ്യാൻ ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകള്‍ റെയ്‌ഡ് ചെയ്യറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകള്‍ നിയമപരമായി നേരിടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
സി.എന്‍. മോഹനന്‍
ഇഡി ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തതെന്നും അത് പിണറായി വിജയൻ എടുത്ത് പറഞ്ഞിട്ടുണ്ടെന്നും സിഎൻ മോഹനൻ വ്യക്തമാക്കി. സംഘർഷാവസ്ഥയിലേക്ക് കടക്കുമെന്ന സാഹചര്യം വന്നപ്പോള്‍ പിരിഞ്ഞു പോകാൻ നിർദേശിച്ചു. എന്നാല്‍ ആക്രമണങ്ങള്‍ നടത്തി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. രാജ്യത്തെ നിരവധി ഇഡി കേസുകളില്‍ രണ്ടോ മൂന്നോ ശതമാനം കേസുകള്‍ മാത്രമാണ് കൃത്യമായ കേസുകള്‍ ഉള്ളതെന്നും ബാക്കിയുള്ളതെല്ലാം സമ്മർദ്ദത്തിന്റെ പുറത്ത് എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത കേസ് 2012 ല്‍ രജിസ്റ്റർ ചെയ്ത കേസാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രജിസ്റ്റർ ചെയ്ത കേസല്ല.
രാഹുല്‍ ഗാന്ധിയും പിണറായി വിജയനെയും താരതമ്യം ചെയ്യാൻ പറ്റില്ല. ബിജെപിയുമായി സമരസപ്പെട്ട നിലപാടാണ് കോണ്‍ഗ്രസിന്റെത്. കോണ്‍ഗ്രസ് എടുക്കുന്ന വിനാശകരമായ നിലപാട് ഇതിന് പിന്നിലുണ്ട്. സിപിഐഎമ്മിനെയും പിണറായി വിജയനെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും പിവി എന്ന് പറയുന്നത് എങ്ങനെ പിണറായി വിജയൻ ആകുമെന്നും അദ്ദേഹം ചോദിച്ചു. കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ഇ ഡി കേസില്‍ കൊടിയേരിയെ തടഞ്ഞു വെച്ചില്ലല്ലോ. ഇത് മറ്റൊരു കേസാണ്. മുഖ്യമന്ത്രി വിഡി സതീശന്റേത് അർഥഗർഭമായ മൗനവും പുഞ്ചിരിയുമാണെന്നും സിഎൻ മോഹനൻ പറഞ്ഞു.


