കോട്ടയം: മെഡിക്കൽ കോളേജിലെ ആധുനിക പൊതുശ്മശാനം
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ വിജയമാണെന്ന് പാർട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ ആർപ്പുക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടി പൊതു ശ്മശാന സമര സമിതി രൂപീകരിക്കുകയും പാർട്ടി ജില്ല വൈസ് പ്രസിഡന്റായ ടി.ജെ. ചാക്കോയെ സമരസമിതിയുടെ കൺവീനർ ആക്കി കമ്മറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മറ്റിയുടെ നേതൃത്തിൽ നിരവധി സമരപോരാട്ടങ്ങൾ നടത്തിയതിനു ശേഷം ആർപ്പുക്കര പഞ്ചായത്ത് ഓഫീസിനു മുൻപിൽ അനിശ്ചിത കാല നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം ചേരുകയും തീരുമാനം ആകാതെ പിരിയുകയും തുടർന്ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ പൊതു ശ്മശാനം നിർമിക്കാം എന്ന തീരുമാനത്തിൽ നിരാഹാര സമരം അവസാനിപ്പിക്കുകയുമായിരുന്നു. തുടർന്ന് മെഡികൽ കോളേജ് പ്രിൻസിപ്പൽ വികസന സമിതി എന്നിവരുമായും സമരസമിതി നിരന്തരമായ ഇടപെടൽ നടത്തുകയും ആർപ്പൂക്കര പഞ്ചായത്തിന്റെ മെല്ല പോക്കിനെതിരെ ഓംബുഡ്സ്മാനെ സമീപിച്ചു അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. മെഡിക്കൽ കോളേജിലെ പൊതുശ്മശാനം നിർമിക്കുവാനുള്ള തീരുമാനം പാർട്ടി നേതാവായ ചാക്കോ സാറിനുള്ള മരണാനന്തര ബഹുമതിയായാണ് പാർട്ടി വിലയിരുത്തുന്നതെന്ന് പാർട്ടി ജില്ല പ്രസിഡന്റ് കെ.കെ.എം. സാദിഖ് ജില്ല എക്സിക്യൂട്ടിവ് കമ്മറ്റിയിൽ പറഞ്ഞു. പൊതുശ്മശാനം യാഥാർത്ഥ്യമാക്കണം എന്ന വെൽഫെയർ പാർട്ടിയുടെ ഉറച്ച നിലപാടിനെ പിന്തുണച്ച വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാ ആളുകളെയും സമരത്തോടൊപ്പം ഉറച്ചുനിന്ന ജില്ലയിലെ മുഴുവൻ പ്രവർത്തകരോടുമുള്ള പാർട്ടിയുടെ അഭിവാദ്യങ്ങളും സ്നേഹവും ഈ സന്തോഷ വേളയിൽ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജനറൽ സെക്രട്ടറിമാരായ പി.എ. നിസാം, അർച്ചന പ്രജിത്ത് എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജിലെ ആധുനിക പൊതുശ്മശാനംവെൽഫെയർ പാർട്ടി സമര വിജയം

Advertisements

