കുറവിലങ്ങാട്: കുറവിലങ്ങാടിന്റെ വിസ്മ്യതിയിലായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പൈതൃകത്തിന്റെ പുതുജീവൻ പ്രാപിപ്പിക്കാനുള്ള ജനകീയ കൂട്ടായ്മയുടെ ഉത്സവമായി ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ 28 വരെ നടക്കും. ദേവമാതാ കോളേജ് (ഓട്ടോണമസ്)യും മാസ്സ് (MASS) കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റ്, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ സഹകരണത്തോടെ ദേവമാതാ കോളേജ് ഗ്രൗണ്ടിൽ അരങ്ങേറും.
കോവിഡാനന്തര കാലഘട്ടത്തിൽ സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങളിൽ വിസ്മരിക്കപ്പെടുന്ന തനതായ സംസ്കാരത്തെയും പാരമ്പര്യത്തെയും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഫെസ്റ്റ്, സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള ജനകീയ കൂട്ടായ്മയുടെ ഉത്സവമായി മാറും. വിവിധ ജനവിഭാഗങ്ങളെ ഒരുമിച്ച് അണിനിരത്തി നാടിന്റെ സാംസ്കാരിക ഉണർവിന് വേദിയാകുകയാണ് ഫെസ്റ്റ്.
ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 22-ന് വൈകിട്ട് 6 മണിക്ക് ആർച്ച്പ്രീസ്റ്റ് വേരി. റവ. ഡോ. തോമസ് മേനാച്ചേരി നിർവഹിക്കും.
കലാപരിപാടികളുടെ ഭാഗമായി 22-ന് പ്രൊഫഷണൽ നാടകാവതരണം, 23-ന് ദേവമാതാ കോളേജിലെ അമ്പതോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന സൂപ്പർ മെഗാഷോ, 24-ന് ഗസൽ – ഖവാലി സംഗീതനിശ എന്നിവ സംഘടിപ്പിക്കും. ഇതോടൊപ്പം വിപുലമായ വ്യാപാരമേള, എക്സിബിഷനുകൾ, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
ഫെസ്റ്റിനായി ദേവമാതാ കോളേജ് (ഓട്ടോണമസ്) വിദ്യാർത്ഥി ജയിം ഷിബു ജയിംസ് രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്തു.


