വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊല്ലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പൊലീസ്

ഏറ്റുമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ. കൊല്ലം പത്തനാപുരം വലിയനെത്ത് വീട്ടിൽ ഇടിക്കുള മകൻ ജോൺ പ്രിൻസ് ഇടിക്കുള (39) ആണ് അറസ്റ്റിൽ ആയത്. ജോജോ അസോസിയേറ്റ്‌സ് ആന്റ് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മൂഖാന്തിരം വിദേശ രാജ്യമായ ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

Advertisements

ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. 2024 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാങ്ക് അക്കൗണ്ട് മുഖാന്തിരം പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.എസ് അൻസിൽ , എസ്.ഐ അഖിൽദേവ്, എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ മാരായ രാജേഷ് ഖന്ന,ജിഷ പി.എസ് സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് വി കെ, ഡെന്നി പി ജോയ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാനമായ കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles