ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ ചർച്ച ! ഇറാൻ യുദ്ധം അവസാനത്തിലേയ്ക്കോ ?

പാരിസ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിർണ്ണായക ചർച്ച നടത്തി. ഇസ്ലാമാബാദില്‍ ആരംഭിച്ച ഉന്നതതല ചർച്ചകള്‍ മേഖലയില്‍ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മാക്രോണ്‍ ആവശ്യപ്പെട്ടു. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ കരാറിലെത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം ഇറാനോട് നിർദ്ദേശിച്ചു.

Advertisements

ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇതിനായി സഹകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്നും അദ്ദേഹം ഫോണിലൂടെ നടത്തിയ ചർച്ചയില്‍ വ്യക്തമാക്കി. ലെബനൻ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വെടിനിർത്തല്‍ പൂർണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മാക്രോണ്‍ ഊന്നിപ്പറഞ്ഞു. ലെബനന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും അവിടുത്തെ ഔദ്യോഗിക അധികാരികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലെബനൻ സർക്കാരിന്റെ നീക്കങ്ങള്‍ക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളുമായും ഫ്രാൻസ് നിരന്തരം ആശയ വിനിമയം നടത്തുന്നതായും അറിയിച്ചു. സൗദിയുമായി ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചു. ഇസ്ലാമാബാദിലെ അമേരിക്ക – ഇറാൻ ചർച്ചകള്‍ക്കിടെ മാക്രോണ്‍ നടത്തിയ ഈ ഇടപെടല്‍ ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തല്‍. ഇസ്ലാമാബാദിലെ ചർച്ചകളില്‍ സസൂക്ഷ്മമം വീക്ഷിക്കുന്നു എന്നും ഫ്രാൻസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോർമൂസില്‍ അമേരിക്കയുടെ 2 പടക്കപ്പല്‍

അതേസമയം ഇറാനുമായി സമാധാന ചർച്ചകള്‍ ഇസ്ലാമാബാദില്‍ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കില്‍ അമേരിക്കൻ നാവികസേന നിർണ്ണായക സൈനിക നീക്കം തുടങ്ങി. കടലിടുക്കിലെ സുരക്ഷിത പാത തടസ്സപ്പെടുത്തുന്ന സമുദ്ര മൈനുകള്‍ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രല്‍ കമാൻഡ് അറിയിച്ചു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈൻ നീക്കം ചെയ്യല്‍ നടക്കുന്നത്.

സമാധാന ചർച്ചകള്‍ നടക്കുമ്പോഴും ഹോർമുസ് തുറക്കാൻ സൈനിക ബലം ഉപയോഗിക്കുന്ന അമേരിക്കൻ നീക്കം സംഘർഷാവസ്ഥ വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇതിനെ ഇറാൻ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ലോകം. അതേസമയം 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ഉന്നതതല വെടിനിർത്തല്‍ ചർച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കമായിട്ടുണ്ട്.

ലോകത്തിന് വലിയ പ്രതീക്ഷയേകുന്നതാണ് ഈ ചർച്ച. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് അമേരിക്ക – ഇറാൻ നേരിട്ടുള്ള വെടിനിർത്തല്‍ ചർച്ചക്ക് നേതൃത്വം നല്‍കിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. ചർച്ചകള്‍ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളില്‍ ഫലം കണ്ടാല്‍ സാങ്കേതിക കരാറിന് അന്തിമ രൂപം നല്‍കും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയില്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ചർച്ചയുടെ മറവില്‍ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.

Hot Topics

Related Articles