ഫോട്ടോ :
പെറ്റൽസ് ഓഫ് ഫിസിക്സ് @50 പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമത്തിൽ പങ്കെടുത്ത കോട്ടയം സിഎംഎസ് കോളേജ് ബിഎസ്സ് സി ഫിസിക്സ് (1975-78) വിദ്യാർത്ഥികൾ അധ്യാപകൻ പ്രൊഫ കോശി വർഗീസിനൊപ്പം ഗ്രേറ്റ് ഹാളിനു മുന്നിൽ
അരനൂറ്റാണ്ടിനുശേഷം കോട്ടയം സി എം എസ് കോളേജിലെ 1975-78 കാലത്തെ ബിഎസ്സ്സി വിദ്യാർത്ഥികൾ ഒത്തുചേർന്നു. ‘റും നമ്പർ 12’ എന്ന പഴയ ക്ലാസ് മുറിയിലെ തടി ചാരുബെഞ്ചുകളിൽ പഴയ സ്ഥാനങ്ങളിൽ തന്നെ ഇരുന്നു. ഒപ്പം അറിവുപകർന്ന അധ്യാപകരും. പിന്നെ പാട്ടും കൂട്ടും കഥപറച്ചിലുമായി ഒരു പകൽ. പെറ്റൽസ് ഓഫ് ഫിസിക്സ് @ 50. ഹൃദ്യവും വ്യത്യസ്തവുമായ പൂർവ്വവിദ്യാർത്ഥി-അദ്ധ്യാപക സംഗമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദാർത്ഥ ഗുണവിശേഷതകൾ വിവരിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന രണ്ടാം വർഷ ഊർജ്ജതന്ത്ര ബിരുദക്ലാസ്സുകൾ അധ്യാപകനും യൂണിവേഴ്സിറ്റി റജിസ്ട്രാറുമായിരുന്ന ഡോ എം സി ചാക്കോയും പ്രൊഫ കോശി വർഗീസും പുനരാവിഷ്കരിച്ചു. ഓർമ്മയായ അദ്ധ്യാപകർക്കും അകാലത്തിൽ പിരിഞ്ഞ സഹപാഠികൾ സിഎംഎസ് കോളേജ് ഫിസിക്സ് അധ്യാപകൻ എ. എസ് വർഗീസീനും കെൽട്രോൺ റിട്ട ജീവനക്കാരൻ കെ സി രവിക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
1978 ൽ ക്ലാസ്സവസാനത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് വിടവാങ്ങൾ ചിത്രമെടുത്തഅവർ അധ്യാപകൻ പ്രൊഫ കോശി വർഗീസിനൊപ്പം ഗ്രേറ്റ് ഹാളിനു മുന്നിൽഅണിനിരന്ന് കളർ ചിത്രമെടുത്തു. താണ്ടിയ ജീവിതവഴികൾ പരസ്പരം പങ്കുവെച്ചു. പഴങ്കഥകൾ പറഞ്ഞ് മറവി മായ്ക്കാത്ത പഴയപാട്ടുകൾ ചേർന്നുപാടി. ഒന്നിച്ചുണ്ട് ചായകുടിച്ച് വീണ്ടും കൂടാൻ തീയതികുറിച്ച് അവർ പിരിഞ്ഞു.
പെറ്റൽസ് ഓഫ് ഫിസിക്സ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ജോർജ് ജോസഫ്, കുര്യൻ കെ തോമസ്, ഡോ തോമസ് ബേബി, ജി ശ്രീകുമാർ വൈസ് പ്രിൻസിപ്പൽ ഡോ റീനു ജേക്കബ്, ബർസാർ ഷിബു സാമുവേൽ, റിട്ട അധ്യാപകരായ കോശി വർഗ്ഗീസ്, ഈശോ മോഹൻ ജോർജ്, വൈദ്യനാഥ അയ്യർ, ജേക്കബ്, മാത്യു സി മാത്യൂസ് എന്നിവർ സംസാരിച്ചു.


