തൃശ്ശൂർ: വടക്കുനാഥക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്.വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമൈതാനത്തിന്റെ ഭാഗത്ത് കാർ കണ്ടതിനെ തുടർന്ന് സെക്യൂരിറ്റിക്കാരൻ വാഹനമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പ്രതികരിച്ചില്ല. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു.
ത്രിപ്പൂണിത്തുറ സ്വദേശിയായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസാണ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം മറ്റൊരാളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.വാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച സിമന്റ് തടസ്സം ചാടിച്ചുകടന്നാണ് പ്രതികൾ ശ്രീമൂലസ്ഥാനത്തേക്ക് കയറിയത്. കെഎൽ 08 ബിഎഫ് 6113 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബെൻസ് കാറാണ് ഉപയോഗിച്ചത്. പൊലീസെത്തി മൂവരെയും കസ്റ്റഡിയിൽ എടുത്തു.


